നോട്ട് പിന്‍വലിക്കല്‍ ദേശീയദുരന്തം; തെറ്റു തിരുത്തുന്നതു വരെ ജനം മാപ്പു നല്കില്ല; പ്രധാനമന്ത്രിയും ധനമന്ത്രിയും ചെയ്തത് മാപ്പ് അര്‍ഹിക്കാത്ത കുറ്റം

ബുധന്‍, 14 ഡിസം‌ബര്‍ 2016 (12:21 IST)
നോട്ട് പിന്‍വലിച്ചത് രാജ്യം നേരിടുന്ന ദേശീയദുരന്തമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ജന്തര്‍മന്തറില്‍ യു ഡി എഫ് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ് പ്രധാനമന്ത്രിയും ധനമന്ത്രിയും ചെയ്തത്. സര്‍ക്കാര്‍ തെറ്റു തിരുത്തുന്നതു വരെ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
 
നോട്ട് അസാധുവാക്കല്‍ മൂലം സഹകരണമേഖലയില്‍ ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജന്തര്‍മന്തറില്‍  യു ഡി എഫ് ധര്‍ണ നടത്തുന്നത്.
 
വലിയൊരു മണ്ടത്തരമാണ് സര്‍ക്കാര്‍ ചെയ്തത്. പിന്നീട് അതില്‍ കിടന്ന് ഉരുളുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബാങ്കുകളില്‍ സംഘര്‍ഷം നടക്കുകയാണ്. എ ടി എമ്മുകളില്‍ പണമില്ല. അന്യസംസ്ഥാന തൊഴിലാളികള്‍ പോലും നോട്ടുക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനം വിട്ടു പോകുകയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
 
സംസ്ഥാനത്തിന്റെ വെട്ടിക്കുറച്ച റേഷനരിവിഹിതം പുനഃസ്ഥാപിക്കുക, കേരളത്തോടുള്ള വിവേചനം അവസാനിപ്പിക്കുക എന്നീ വിഷയങ്ങളും ധർണയിൽ ഉന്നയിക്കുന്നുണ്ട്​.

വെബ്ദുനിയ വായിക്കുക