അഴിമതി ആരോപനങ്ങള്‍ക്കു പിന്നാലേ വ്യോമസേനയ്ക്കായി ചെലവഴിച്ച പണത്തില്‍ ക്രമക്കേടുണ്ടെന്ന റിപ്പോര്‍ട്ടുമായി സിഎജി. വ്യോമസേനയ്ക്കായി പുതിയ വാഹനങ്ങള്‍ വാങ്ങിയതിലാണ് ക്രമക്കേട് നടന്നിരിക്കുന്നതെന്നാണ് സിഎജി പറയുന്നത്.
നിലവില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ മാറ്റി പുതിയതു വാങ്ങുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ഇപ്പോള്‍ സേന ഉപയോഗിക്കുന്ന മാരുതി ജിപ്സി, ടാറ്റാ സുമോ എന്നിവയ്ക്കു പകരം അറ്റകുറ്റപ്പണികള്‍ ഏറെ ഉണ്ടാകുന്ന സ്കോര്‍പ്പിയോ വാങ്ങിയതൊല്‍ ദുരൂഹതയുണ്ടെന്ന് റിപ്പോര്‍ട്ടീല്‍ പരാമര്‍ശിക്കുന്നു.
മഹീന്ദ്ര സ്കോര്‍പിയോ, ടൊയോട്ട ഇന്നോവ എന്നിവയാണ് വ്യോമസേനയുടെ ഉപയോഗത്തിനായി വാങ്ങിയത്. ജിപ്സികള്‍ക്കു പകരം ഉപയോഗിക്കാന്‍ 7.78 കോടി രൂപയ്ക്ക് 100 സ്കോര്‍പിയോകളാണ് വാങ്ങിയത്. ഇവയുടെ അറ്റകുറ്റപ്പണിക്കുള്ള ചെലവും ഉപയോഗച്ചെലവും ജിപ്സിയെ അപേക്ഷിച്ച് കൂടുതലാണെന്ന് സേന തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഹില്‍ സ്റ്റേഷനുകളിലെ ഉപയോഗത്തിനായി 1.19 കോടി രൂപയ്ക്ക് 19 ഇന്നോവ വാങ്ങിയെങ്കിലും അവ മറ്റു വിഭാഗങ്ങളുടെ ഉപയോഗത്തിനാണ് നല്‍കിയിരിക്കുന്നതെന്നു കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇന്ന് പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ടിലാണ് ക്രമക്കേട് നടന്നതായി ആരോപിക്കുന്നത്.