തൊടുക്കുമ്പോള്‍ ഒന്ന് കൊള്ളുമ്പോള്‍ പത്ത്; ഒരുങ്ങുന്നു രാജ്യത്തിന്റെ ആഗ്നേയാസ്ത്രം, ലോകം ഇന്ത്യയുടെ പരിധിയിലാകുന്നു

വിഷ്‌ണു എന്‍ എല്‍

വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (14:42 IST)
മഹാഭാരത യുദ്ധകഥകളില്‍ തൊടുക്കുമ്പോള്‍ ഒന്നും കൊള്ളുമ്പോള്‍ പത്തും പതിനായിരങ്ങളുമാകുന്ന അസ്ത്രങ്ങളേക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. യുദ്ധത്തില്‍ ഇത് വ്യാപകമായി പ്രയോഗിക്കപ്പെട്ടതായും ഐതിഹ്യങ്ങളുണ്ട്. ധനുര്‍ധാരിയായ അര്‍ജുനന്‍ ഇത്തരം അസ്ത്രങ്ങള്‍ പ്രയോഗിക്കുന്നതായി ഇതിഹാസത്തില്‍ പറയുന്നു. എന്നാല്‍ അത്തരത്തിലൊന്ന് ആധുനിക ലോകത്ത് നിലവില്ല. നിലവില്ല എന്ന് പറഞ്ഞാല്‍ ശരിയാകുകയില്ല്. ക്ലസ്റ്റര്‍ ബോംബ് എന്നൊരു സംഗതിയുണ്ട്.

എന്നാല്‍ ക്ലസ്റ്റര്‍ ബോംബുകള്‍ യുദ്ധമുഖത്ത് പ്രയോഗിക്കുന്നത് ലോകത്ത് നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍ ബോംബുകളേക്കാള്‍ മിസൈലുകള്‍ ആക്രമണങ്ങളുടെ കുന്തമുനകളായി മാറിയതോടെ പല രാജ്യങ്ങളും മള്‍ട്ടിപ്പിള്‍ വാര്‍ ഹെഡ്ഡുകള്‍ അഥവാ ഒന്നിലധികം പോര്‍മുനകള്‍ മിസൈലുകളില്‍ ഘടിപ്പിക്കാനുള്ള പരീക്ഷണത്തിലാണ്. നമ്മുടെ  രാജ്യവും ഈ പരീക്ഷണത്തില്‍ ഏറെ മുന്നോട്ട് പോയിരിക്കുകയാണ്. രാജ്യത്തിന്റെ അഭിമാന ആഗ്നേയാസ്ത്രമായ അഗ്നിയിലാണ് ഒന്നിലധികം പോര്‍മുനകള്‍ ഘടിപ്പിക്കാന്‍ പ്രതിരോധ ഗവേഷണ സംഘടന ഡി‌ആര്‍‌‌ഡി‌‌ഒ പരിശ്രമിക്കുന്നത്.

നിലവില്‍ അഗ്നി മിസൈല്‍ ശ്രേണിയില്‍ അഞ്ചെണ്ണമാണുള്ളത്. അഗ്നി 1,2,3,4,5 എന്നിവയാണവ. ഇവ യഥാക്രമം 1000, 2000, 3000, 5000 കീലോമീറ്റര്‍ പ്രഹര പരിധിയിലുള്ളതാണ്. രാജ്യത്തിന്റെ ആദ്യത്തെ ഭൂഖണ്ടാന്തര മിസൈലായാണ് അഗ്നി-5 കണക്കാക്കുന്നത്. എന്നാല്‍ അഗ്നിയുടെ ആറാമത്തെ പണിപ്പുരയിലാണ് ഡി‌ആര്‍ഡിഒ. രൂപകല്‍പ്പനയും, ഹാര്‍ഡ്‌വയര്‍ നിര്‍മ്മാണവും ഡി‌ആര്‍‌ഡി‌ഒ പൂര്‍ത്തിയാക്കിയതായാണ് വിവരം. ഏകദേശം 20 മീറ്ററെങ്കില്‍ ഉയരം വരുന്ന അഗ്നി ആറില്‍ മൂന്നുമുതല്‍ പത്ത് പോര്‍മുനകള്‍ വരെയുഅണ്ടാകുമെന്നാണ് വിവരം.

ഇന്ത്യ ഇന്നേവരെ പരീക്ഷിച്ചിട്ടുള്ള മിസൈലുകള്‍ എല്ലാം തന്നെ ഒറ്റ പോര്‍മുനകള്‍ മാത്രമുള്ളതാണ്. 6,000 കിലോമീറ്റര്‍ മുതല്‍ 10,000 കിലോമീറ്റര്‍ വരെ പ്രഹരപരിധിയാണ് മിസൈലിന് പ്രതീക്ഷിക്കുന്നത്. ഒന്നിലധികം ലക്ഷ്യങ്ങളെ ഒറ്റപ്രഹരത്തില്‍ നശിപ്പിക്കാന്‍ ഇതുകൊണ്ട് കഴിയും. എങ്ങനെ ഒന്നിലധികം പോര്‍മുനകള്‍ മിസൈലില്‍ ഘടിപ്പിക്കാമെന്ന കാര്യത്തേക്കുറിച്ചുള്ള പഠനം ഡി‌ആര്‍‌ഡിഒ നേരത്തേ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. പോര്‍മുനകള്‍ സ്വയം ലക്ഷ്യങ്ങളിലേക്ക് പാഞ്ഞ് ആക്രമിക്കാന്‍ ശേഷിയുള്ളതായിരിക്കുമെന്നാണ് വിവരം. അഗ്നി-5 ഇന്ത്യയുടെ പ്രഹര പരിധി ലോകത്തിന്റെ പാതി രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു. ഏഷ്യാ വങ്കര മുഴുവനായും, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ വന്‍‌കരകളുടെ ചില ഭാഗങ്ങളും അഗ്നി-5ന്റെ പ്രഹരപരിധിയിലെത്തിയിരുന്നു.

എന്നാല്‍ അഗ്നി-6 എത്തിയാല്‍ ലോകത്തിന്റെ ഭൂരിഭാഗം രാജ്യങ്ങളും ഇനി ഇന്ത്യന്‍ ആക്രമണത്തിന്റെ പരിധിയിലാകും. ലോക ശക്തിയാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ ഈ ഒരൊറ്റ മിസൈലുകൊണ്ട് ഇന്ത്യയ്ക്ക് സാധിക്കും. മൂന്ന് ഘട്ടങ്ങളായാകും അഗ്നി -6 പ്രവര്‍ത്തിക്കുക. ആദ്യഘട്ടം ഘര ഇന്ധനവും പിന്നീടുള്ള രണ്ട് ഘട്ടങ്ങളും ദ്രവ ഇന്ധനവുമായിരിക്കും.  അഗ്നി-6 ഇന്ത്യയുടെ ആഗ്നേയാസ്ത്രം തന്നെയാകുമെന്നതിന് സംശയമേതുമില്ല. നിലവിലുള്ള മിസൈലുകളേ അപേക്ഷിച്ച് എളുപ്പത്തില്‍ റോഡ് മാര്‍ഗം കൊണ്ടുപോകാവുന്ന തരത്തിലാകും മിസൈല്‍ നിര്‍മ്മാണം. കൂടാതെ ഇതിനെ കടലിന്നടിയില്‍ നിന്ന് അന്തര്‍വാഹിനി വഴി വിക്ഷേപിക്കാനും കഴിയുമെന്നാ‍ാണ് വിവരം.

വെബ്ദുനിയ വായിക്കുക