അമ്മ അനേകയുദ്ധങ്ങള്‍ പോരാടി നേതാക്കള്‍ക്കിടയില്‍ തലയുയര്‍ത്തി നിന്നു, ആ വിയോഗവാർത്ത എനിക്കൊരു ആഘാതമായിരുന്നു: അജിത്
ചൊവ്വ, 6 ഡിസംബര്‍ 2016 (15:07 IST)
അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കാണാൻ തമിഴകം ഒന്നാകെ രാജാജി ഹാളിലേക്ക് എത്തുകയാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഹാളിന് അകത്തും പുറത്തുമായി തടിച്ച് കൂടിയിരിക്കുന്നത്. സിനിമ- രാഷ്ട്രീയ - സാംസ്കാരിക മേഖലയിലെ പ്രമുഖർ ജയലളിതയ്ക്ക് അനുശോചനം അറിയിച്ചപ്പോൾ പലരും അന്വോഷിച്ചത് നടൻ അജിത് കുമാറിനെയായിരുന്നു. പുതിയ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ബൾഗേറിയയിൽ ആയതിനാലാണ് അജിതിന് നേരിട്ടെത്താൻ കഴിയാത്തത്.
എന്നാൽ, എഴുതി തയ്യാറാക്കിയ ഒരു സന്ദേശത്തിലൂടെ അദ്ദേഹം ജയലളിതയെ അനുശോചിച്ചു. നമുക്കെല്ലാം സ്‌നേഹബഹുമാനങ്ങളുള്ള പുരട്ചി തലൈവി അമ്മയുടെ വിയോഗത്തില്‍ തമിഴ്‌നാട്ടിലെ എന്റെ സഹോദരങ്ങളോടും എ ഐ എ ഡി എം കെ അണികളോടും എന്റെ അഗാധമായ ദു:ഖം അറിയിക്കുന്നു. അനേകയുദ്ധങ്ങള്‍ പോരാടിയ അവര്‍ നമ്മുടെ കാലത്തെ നേതാക്കള്‍ക്കിടയില്‍ തലയുയര്‍ത്തി നിന്നു. അവരുടെ തിരിച്ചുവരവിനായി പ്രാര്‍ഥനയോടെ കാത്തിരിക്കുകയായിരുന്നു നാം. വിയോഗവാര്‍ത്ത എനിക്കൊരു ആഘാതമായിരുന്നു. അവരുടെ ആത്മാവിന് നിത്യശാന്തി ഉണ്ടാവട്ടെ. തീവ്രദു:ഖത്തിന്റെ ഈ സമയത്ത് സര്‍വ്വേശ്വരന്‍ നമുക്ക് ശക്തി പകരട്ടെ.- എന്നായിരുന്നു അജിത് കുറിച്ചത്.
ചെന്നൈയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജാജി ഭവനിലെത്തി ജയലളിതയ്ക്ക് ആദരാഞ്ജലികളർപ്പിച്ചു. അലമുറയിട്ടും, നെഞ്ചത്തടിച്ചും ആയിരങ്ങളാണ് ജയലളിതയുടെ ഭൗതികദേഹം പൊതുദർശനത്തിന് വച്ചിരിക്കുന്ന രാജാജി ഹാളിലേക്ക് എത്തുന്നത്. പൊലീസിന്റെ കനത്ത സുരക്ഷാവലയത്തിലുള്ള രാജാജി ഹാളിന് പുറത്ത് വന്‍ ജനാവലിയാണുള്ളത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കേന്ദ്ര-സംസ്ഥാന നേതാക്കന്‍മാരും സിനിമാ താരങ്ങളും അടക്കമുളള വലിയ സംഘമാണ് തമിഴകത്തിന്റെ അമ്മയെ അവസാനമായി ഒരു നോക്ക് കാണാനായി എത്തുന്നത്.