ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു; ഹോട്ടല്‍ കേന്ദ്രീകരിച്ച് അന്വേഷണം - അതിശക്തമായ നടപടി ക്രമങ്ങളുമായി ദുബായ് പൊലീസ്
തിങ്കള്‍, 26 ഫെബ്രുവരി 2018 (14:55 IST)
നടി ശ്രീദേവിയുടെ മരണം സംബന്ധിച്ച് ദുരൂഹതകള്‍ വ്യാപകമായതോടെ അന്വേഷണം വ്യാപിപ്പിച്ച് ദുബായ് പൊലീസ്. ശ്രീദേവി പങ്കെടുത്ത വിവാഹ ചടങ്ങ് നടന്ന റാസല്‍ഖൈമയിലെ ഹോട്ടലിലും കുടുംബത്തിനൊപ്പം താമസിച്ച എമിറേറ്റ്സ് ടവേഴ്സ് ഹോട്ടലിലും പൊലീസ് അന്വേഷണം നടത്തും.
റാസല്‍ഖൈമയിലെ വാള്‍ഡോര്‍ഫ് അസ്റ്റോറിയ എന്ന നക്ഷത്ര ഹോട്ടലിലായിരുന്നു വിവാഹാഘോഷം. ഇവിടുത്തെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാനും തീരുമാനിച്ചു. വിവാഹാഘോഷം നടന്ന റാസല്‍ഖൈമയിലെ വാള്‍ഡോര്‍ഫ് അസ്റ്റോറിയ എന്ന നക്ഷത്ര ഹോട്ടലിലും പൊലീസ് അന്വേഷണം നടത്തും.
ശ്രീദേവിയുടെ രക്തസാമ്പിളുകള്‍ യുഎഇക്ക് പുറത്തുള്ള ഏജന്‍സിയെക്കൊണ്ട് പരിശോധിപ്പിക്കാനും പൊലീസും അധികൃതരും നീക്കം നടത്തുന്നുണ്ട്. ഭാവിയില്‍ ആരോപണങ്ങള്‍ ഒന്നും ഉണ്ടാകാതിരിക്കുന്നതിനായി പഴുതടച്ച പരിശോധനകള്‍ നടത്താനാണ് തീരുമാനം.
കഴിഞ്ഞ ദിവസം ആന്തരികാവയവങ്ങളുടെ പരിശോധന ഫോറന്‍സിക് വിഭാഗത്തിന്റെ നേതൃത്വത്തിലും നടന്നിരുന്നു. നടപടിക്രമങ്ങള്‍ അവസാനിക്കാത്തതിനാല്‍ മൃതദേഹം ഇന്ന് ഇന്ത്യയിലേക്ക് അയക്കുമോ എന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. അതേസമയം, കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടല്‍ ശക്തമാക്കിയിട്ടുണ്ട്.