കേന്ദ്ര ആഭ്യന്തര വകുപ്പിനെ കേരളം വെല്ലുവിളിക്കുന്നു, കേരളം പാസാക്കിയ പ്രമേയം നിയമസഭയുടെ അന്തസ് കെടുത്തുന്നതാണെന്ന് എ‌പി അബ്‌ദുള്ളക്കുട്ടി

തിങ്കള്‍, 31 മെയ് 2021 (13:10 IST)
ലക്ഷദ്വീപ് വിഷയത്തിൽ കേരളം നിയമസഭയിൽ പാസാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്ന് ലക്ഷദ്വീപിന്റെ ചുമതലയുള്ള ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. പ്രമേയം ദ്വീപിലെ ജനങ്ങൾക്കെതിരാണെന്നും കേന്ദ്ര ആഭ്യന്തരവകുപ്പിനെ വെല്ലുവിളിക്കുന്ന സമീപനമാണ് കേരളം പ്രമേയത്തിലൂടെ സ്വീകരിച്ചതെന്നും അബ്‌ദുള്ളക്കുട്ടി വ്യക്തമാക്കി.
 
കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ എന്തു പരിഷ്കരണം വരുത്തണമെന്നത് കേന്ദ്രസർക്കാരിന്റെ അധികാരമാണ്. ബിജെപിയോടുള്ള വിരോധത്തിന്റെ പേരിൽ ഇതിൽ കൈകടത്തുന്നത് ഭരണഘടനാ വിരുദ്ധമാണ്. കേരളം പാസാക്കിയ പ്രമേയം നിയമസഭയുടെ അന്തസ് കെടുത്തുകയാണെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.
 
ലക്ഷദ്വീപിന്റെ സംസ്‌കാരവും പ്രകൃതിയും സംരക്ഷിച്ചുകൊണ്ട് ദ്വീപിനെ ലോകത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കടലാക്രമണം കാരണം ലക്ഷദ്വീപ് ചുരുങ്ങുകയാണ് അതിനാൽ ആളുകളുടെ എണ്ണം നിയന്ത്രിക്കേണ്ടതുണ്ട്. ജനസംഖ്യാ നിയന്ത്രണം അധുനിക കാലത്തിന്റെ രാഷ്ട്രീയമാണെന്നെന്നും അഡ്മിനിസ്ട്രേറ്ററുടെ പുതിയ നിയന്ത്രണങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരമായി അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. ഡിജിറ്റൽ സൗകര്യങ്ങളാണ് ഇനി ജനങ്ങൾക്ക് വേണ്ടതെന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വികസനത്തിനാണ് ബിജെപി നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍