ഡല്‍ഹിയിലെ മുന്‍ നിയമകാര്യമന്ത്രിയും ആം ആദ്‌മി പാര്‍ട്ടി നേതാവുമായ സോംനാഥ് ഭാരതി ഒളിവില്‍. ഗാര്‍ഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് പൊലീസ് ഭാരതിയെ തെരഞ്ഞുവരികയാണ്. അതിനിടയിലാണ് ഭാരതി ഒളിവില്‍ പോയത്.
അദ്ദേഹത്തിന്റെ ഭാര്യ ലിപിക മിത്ര നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗാര്‍ഹികപീഡനത്തിന് ഭാരതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭാരതിയുമായി പിണങ്ങിക്കഴിയുകയാണ് ഭാര്യ ലിപിക. ഭാരതി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ഡല്‍ഹി കോടതി കഴിഞ്ഞദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
ഭാര്യയുടെ പരാതിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് ഭാരതിയോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ഭാരതി ഒഴിഞ്ഞുമാറുകയായിരുന്നു. കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.