നോട്ട് അസാധുവാക്കല്‍ നിസാര കാര്യമോ ?; കേന്ദ്രസര്‍ക്കാരിനെ രക്ഷിച്ചത് ഈ റിപ്പോര്‍ട്ടോ ?

വ്യാഴം, 17 നവം‌ബര്‍ 2016 (17:37 IST)
പ്രതിഷേധം ശക്തമാകുബോഴും 1000 രൂപ 500 നോട്ടുകള്‍ അസാധുവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ രാജ്യത്തെ 82 ശതമാനം പേരും അനുകൂലിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ആഗോള സാമ്പത്തിക അഭിപ്രായ സർവേ സംരംഭമായ ഐപിഎസ്ഒഎസുമായി സഹകരിച്ച് ഇൻഷോർട്ട്സ് നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

നവംബർ 9ന് ശേഷം രാജ്യത്തെ വിവിധ ഇടങ്ങളിൽ നടത്തിയ അഭിപ്രായ സർവേയാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. കള്ളപ്പണം തടയുന്നതിനുള്ള നടപടി എന്ന നിലയ്‌ക്കാണ് നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനത്തെ എല്ലാവരും അനുകൂലിക്കുന്നത്. കള്ളപ്പണം വിഷയത്തെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് സര്‍വേയില്‍ പങ്കെടുത്ത 84 ശതമാനം പേരും പറയുന്നു.

അതേ സമയം നോട്ട് പ്രതിസന്ധി ഒഴിവാക്കാനുള്ള സര്‍ക്കാര്‍ നടപടികളില്‍ അത്ര തൃപ്തരല്ല രാജ്യത്തെ ജനങ്ങളെന്നും സര്‍വേ വ്യക്തമാക്കുന്നു. അതിനൊപ്പം എടിഎം വഴി ദിനംപ്രതി പിൻവലിക്കാവുന്ന തുകയുടെ പരിധി ചുരുക്കിയതിനെ സര്‍വേയില്‍ പങ്കെടുത്തവര്‍ വിമര്‍ശിക്കുന്നുണ്ട്.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 80 ശതമാനത്തിലധികവും 35 വയസും അതിനു താഴെയുള്ളവരുമാണ്. ന്യൂഡല്‍ഹി, മുംബൈ,ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, പുണെ,ഹൈദരാബാദ്, അഹമ്മദാബാദ്, ചണ്ഡീഗഢ്, ലക്‌നൗ എന്നീ പത്ത് മെട്രോ നഗരങ്ങളിലാണ് സര്‍വേ നടന്നത്.

വെബ്ദുനിയ വായിക്കുക