2002-2003ലെ മുംബൈ സ്ഫോടനം: സാഖിബ് നാച്ചനടക്കം പത്തുപേര്‍ കുറ്റക്കാര്‍

ചൊവ്വ, 29 മാര്‍ച്ച് 2016 (15:00 IST)
മുംബൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെ  2002ലും 2003ലും നടന്ന സ്ഫോടനത്തില്‍ മുന്‍ സിമി ജനറല്‍ സെക്രട്ടറി സാഖിബ് നാച്ചന്‍ അടക്കം 10പേര്‍ കുറ്റാക്കാരെന്ന് പ്രത്യേക പോട്ട കോടതി വിധി. അതേസമയം തെളിവുകളുടെ അഭാവത്തില്‍ മൂന്ന് പേരെ കോടതി വെറുതെ വിട്ടു. ശിക്ഷാ വിധി ബുധനാഴ്ച പ്രഖ്യാപിക്കും. മുന്‍ സിമി പ്രവര്‍ത്തകരായ അദ്നാന്‍ മുല്ല, ഹാറൂണ്‍ ലോഹര്‍, നദീം പലോബ എന്നിവരെയാണ് കുറ്റമുക്തരാക്കിയത്.
 
പാക് തീവ്രവാദ സംഘടനയായ ലശ്കര്‍ ഇ ത്വയ്യിബയുമായി ചേര്‍ന്ന സിമി നടത്തിയ സ്ഫോടന പരമ്പരകളില്‍ പത്രണ്ട് പേര്‍ മരിച്ചിരുന്നു. 139 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2002 ഡിസംബര്‍ ആറിന് മുംബൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെ മാക്ഡൊണാള്‍ഡ് റസ്റ്റാറന്‍റിലും 2003 ജനുവരി 27ന് വിലെ പാര്‍ലെ റെയില്‍വെ സ്റ്റേഷനു പുറത്തും 2003 മാര്‍ച്ച് 13ന് മുളുന്ത് റെയില്‍വെ സ്റ്റേഷനിലത്തെിയ സി എസ് ടി-കര്‍ജത്ത് ഇലക്ട്രിക്ക് ട്രെയിനിലെ വനിതാ കമ്പാര്‍ട്ടുമെന്‍റിലുമാണ് സ്ഫോടനങ്ങള്‍ നടന്നത്. 
 
സാഖിബ് നാച്ചനും പാക് പൗരന്‍ ഫൈസല്‍ ഖാനുമാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് പൊലീസ് കണ്ടെത്തി‍. കേസില്‍ മൊത്തം 25 പേരാണ് ഉള്ളത്. അഞ്ച് പേര്‍ മരണപ്പെട്ടു. ഏഴു പേര്‍ പിടികിട്ടാപ്പുള്ളികളാണ്. സ്ഫോടനങ്ങള്‍ നടത്താനും മറ്റും ആളുകളെ സംഘടിപ്പിച്ചതും ആയുധ, സ്ഫോടക വസ്തുക്കള്‍ എത്തിച്ചതും സാഖിബ് നാച്ചനാണെന്നാണ് പ്രോസിക്യൂഷന്‍ വാദം. പിടികിട്ടാപ്പുള്ളിയായ മറ്റൊരു പ്രതിക്കൊപ്പം ഡോ വഹീദ് അന്‍സാരിയാണ് ബോംബുകളുണ്ടാക്കിയതെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി തെളിഞ്ഞു. ഇപ്പോള്‍ ജാമ്യത്തിലുള്ള സാഖിബ് നാച്ചന്‍ അടക്കമുള്ള പ്രതികള്‍ കോടതി വിധിയോടെ കീഴടങ്ങണം.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക