ഇറാഖില്‍നിന്ന് 200 ഇന്ത്യക്കാര്‍ കൂടി തിരിച്ചെത്തി

ഞായര്‍, 6 ജൂലൈ 2014 (09:25 IST)
ഇറാഖില്‍ നിന്ന് 200 ഇന്ത്യക്കാര്‍ കൂടി തിരിച്ചെത്തി. നജാഫില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള സ്പെഷല്‍ ഇറാഖ് എയര്‍വെയ്സിലാണ് ഇവര്‍ എത്തിയത്. ഇറാഖില്‍ പലയിടങ്ങളിലായി ജോലി ചെയ്യുന്നവരാണ് തിരികെയെത്തിയത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ 400 ഓളം ഇന്ത്യക്കാര്‍ ഇനിയും തിരികെ വരുമെന്നാണ് പ്രതീക്ഷ.
 
അതേസമയം, കഴിഞ്ഞ മൂന്നുമാസങ്ങളായി ശമ്പളം ലഭിച്ചിട്ടില്ലെന്ന് മടങ്ങിയെത്തിയ നിര്‍മാണത്തൊഴിലാളികള്‍ പറഞ്ഞു. ക്രികൂക്കില്‍ താമസിച്ചിരുന്നതിന് സമീപത്തായിരുന്നു സ്ഫോടനങ്ങള്‍ നടന്നിരുന്നത്. ഇനിയൊരിക്കലും ഇറാഖിലേക്ക് തിരിച്ചു പോകില്ലെന്നു മടങ്ങിയെത്തിയവര്‍ പറയുന്നു.
 
നാനൂറോളം പേര്‍ മുംബൈ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ് എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലേക്ക് നാളെയോടെ എത്തിച്ചേരും. അവരും കൂടി എത്തിയാല്‍ സര്‍ക്കാര്‍ ചെലവില്‍ തിരിച്ചെത്തിയവരുടെ എണ്ണം 1200 ആകും. 
 
ഇവരെക്കൂടാതെ, ഇറാഖിലെ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന അറുനൂറോളം ഇന്ത്യക്കാരെ തിരിച്ചയയ്ക്കാനായി കമ്പനികളെ സമ്മതിപ്പിക്കാനും ബഗ്ദാദിലെ ഇന്ത്യന്‍ എംബസിക്കു കഴിഞ്ഞിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക