117 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങി

വ്യാഴം, 24 ഏപ്രില്‍ 2014 (10:21 IST)
PTI
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ 117 മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് തുടങ്ങി. തമിഴ്നാട്ടില്‍ 40 ലോക്സഭാ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

എ.ഐ.എ.ഡി.എം.കെ.യും ഡി.എം.കെ.യും തന്നെയാണ് തമിഴ്നാട്ടിലെ മുഖ്യ പാര്‍ട്ടികള്‍. എ.ഐ.എ.ഡി.എം.കെ. തനിച്ച് 40 സീറ്റിലും പോരാടുമ്പോള്‍ ചെറിയ പാര്‍ട്ടികള്‍ക്കൊപ്പം നിലയുറപ്പിച്ചിട്ടുള്ള ഡി.എം.കെ. 35 സീറ്റില്‍ മത്സരിക്കുന്നു. ഇതാദ്യമായാണ് ഇരു ദ്രാവിഡ പാര്‍ട്ടികളും ഒരു ദേശീയ പാര്‍ട്ടിയുടെയും സഹകരണമില്ലാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങുന്നത്.

പശ്ചിമബംഗാളില്‍ രണ്ടാംഘട്ടത്തില്‍ ഇന്ന് ആറ് സീറ്റുകളിലാണ് പോളിങ്. റായ്ഗഞ്ച്, മാല്‍ഡ ഉത്തര്‍, മാല്‍ഡ ദക്ഷിണ്‍, ജാംഗിപ്പുര്‍, മുര്‍ഷിദാബാദ്, ബാലൂര്‍ഗഢ് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ബിഹാറിലെ മൂന്നാംഘട്ട തിരഞ്ഞെടുപ്പില്‍ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നു. സുപോള്‍, അരാരിയ, കിഷന്‍ഗഞ്ച്, കത്തിഹാര്‍, പുര്‍ണിയ, ഭാഗല്‍പുര്‍, ബാങ്ക എന്നീ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.

മുംബൈയിലെ ആറ് സീറ്റ് ഉള്‍പ്പടെ മഹാരാഷ്ട്രയിലെ 19 മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. യു.പിയില്‍ 21 ഇടങ്ങളില്‍ നടക്കുന്ന വോട്ടെടുപ്പില്‍ മുലായം സിങ് യാദവ്, മരുമകള്‍ ഡിംപിള്‍ യാദവ്, വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, അമര്‍ സിങ്, ഹേമമാലിനി തുടങ്ങിയവരുടെയും ജനവിധി ഇന്ന് നിശ്ചയിക്കപ്പെടും.

മധ്യപ്രദേശില്‍ 10 സീറ്റുകളിലേക്കുള്ള ഇന്നത്തെ പോളിങ്ങോടെ സംസ്ഥാനത്തെ വോട്ടെടുപ്പ് പൂര്‍ത്തിയാകും, ചത്തീസ്ഗഢിലെ ഏഴും ആസാമിലെ ആറും രാജസ്ഥാനിലെ അഞ്ചും ജാര്‍ഖണ്ഡിലെ നാലു സീറ്റുകളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നു. ഇന്നത്തോട് കൂടി 543 അംഗ ലോക്‌സഭയിലേക്ക് 349 സീറ്റുകളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകും.

വെബ്ദുനിയ വായിക്കുക