പ്രധാനമന്ത്രി നരേന്ദ്ര മോഡിയില്‍ നിന്ന് പഠിക്കേണ്ട പത്തു നല്ല കാര്യങ്ങള്‍

ശനി, 30 ജൂലൈ 2016 (18:57 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെക്കുറിച്ച് വെറുതെ ഒന്ന് ആലോചിച്ചാല്‍ തന്നെ മനസ്സിലേക്ക് ഓടി വരിക അദ്ദേഹത്തിന്റെ വിദേശയാത്രകളാണ്. സ്വന്തം രാജ്യത്ത് നിന്ന് കാര്യങ്ങള്‍ നോക്കാതെ കറങ്ങിനടക്കുന്ന പ്രധാനമന്ത്രിയെന്നാണ് വിമര്‍ശകര്‍ മോഡിയെപ്പറ്റി പറയുന്നത്. ഈ ഒരൊറ്റ കാരണം കൊണ്ടുതന്നെ അകമ്പടിയായി മറ്റനേകം ആരോപണങ്ങളും മോഡിക്കെതിരെ ഉയരുന്നുണ്ട്. എന്നാല്‍, നമ്മുടെ പ്രധാനമന്ത്രിക്ക് ഗുണഗണങ്ങളുമുണ്ട്, അത് വെറുതെ നോക്കി ആസ്വദിക്കാനുള്ളതല്ല. നമുക്ക് തന്നെ ജീവിതത്തില്‍ പകര്‍ത്താന്‍ പറ്റുന്നവ. എന്തൊക്കെയാണ് ആ ഗുണഗണങ്ങള്‍ എന്ന് അറിയാമോ
 
1. നന്നായി സംസാരിക്കാനുള്ള വൈഭവം
 
മോഡിയുടെ ശബ്‌ദം തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. പ്രസംഗത്തിലെ ശബ്‌ദനിയന്ത്രണവും തലയനക്കം പോലും നല്ല ഒരു പ്രാസംഗികന് മാത്രം അവകാശപ്പെടാവുന്നതാണ്. ഒരിക്കല്‍ ബില്‍ ഗേറ്റ്സ് പറഞ്ഞിരുന്നു, 21 ആം നൂറ്റാണ്ടില്‍ ഏറ്റവും ആവശ്യമുള്ള ഗുണമാണ് അവതരണ ഗുണം അഥവാ പ്രസന്റേഷന്‍ സ്കില്‍ എന്നത്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് മോഡി. തന്റെ പൊതുപ്രഭാഷണങ്ങളില്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നതും അതുകൊണ്ടു തന്നെയാണ്. 
 
2. അച്ചടക്കം
 
ഇന്ത്യയുടെ പതിനഞ്ചാമത്തെ പ്രധാനമന്ത്രിയായ നരേന്ദ്ര മോഡി അച്ചടക്കത്തിന് പേരു കേട്ടയാളാണ്. ആര്‍ എസ് എസില്‍ സ്വയംസേവക് ആയി ചേര്‍ന്ന മോഡി സംഘടനയില്‍ അച്ചടക്കമുള്ള പ്രവര്‍ത്തകന്‍ ആയതിലൂടെയാണ് മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രിയങ്കരനാകുന്നതും രാഷ്‌ട്രീയത്തില്‍, സ്വന്തം പാര്‍ട്ടിയില്‍ എതിരാളിയില്ലാത്ത പോരാളിയായി ഉയര്‍ന്നതും. കൂടാതെ, തന്റെ തിരക്കേറിയ ജീവിതത്തിനിടയില്‍ യോഗ പരിശീലിക്കാനും അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്.
 
3. ദൃഢനിശ്ചയം
 
ദൃഢനിശ്ചയം ഒന്നു മാത്രമാണ് ചെറുപ്പത്തില്‍ പിതാവിനെയും സഹോദരനെയും ചായക്കടയില്‍ സഹായിച്ചു കൊണ്ടിരുന്ന മോഡിയെ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിച്ചത്. ജീവിതത്തില്‍ ഉന്നതവിജയം നേടിയ നേതാക്കളുടെ പൊതുവായുള്ള ഗുണം കൂടിയാണ് ഇത്. വളരെ ചെറിയ പ്രായത്തിലെ ആര്‍ എസ് എസിലെത്തി അച്ചടക്കമുള്ള പ്രവര്‍ത്തകനായി മികച്ച രാഷ്‌ട്രീയക്കാരനായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അദ്ദേഹം മാറി.
 
4. കാര്യങ്ങള്‍ വിശദമാക്കി പറയുക
 
പൊതുജനങ്ങളുടെ കാര്യങ്ങള്‍ക്കു വേണ്ടി പറയുന്ന കാര്യങ്ങള്‍ വ്യക്തമായി വിശദീകരിക്കുന്നതില്‍ മോഡി വിശ്വസിക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് 3.5 ലക്ഷം കിലോമീറ്ററിനു മുകളില്‍ മോഡി സഞ്ചരിച്ചു. 400 ഓളം റാലികളില്‍ പങ്കെടുത്തു. രാജ്യത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മോഡി വ്യക്തമായി വിശദീകരിച്ചു; തെരഞ്ഞെടുപ്പുഫലം വന്നപ്പോള്‍ ബി ജെ പി അധികാരത്തിലുമെത്തി.
 
5. സാങ്കേതികവിദ്യയോടുള്ള ഇഷ്‌ടം
 
‘ശാസ്ത്രം ജീവിതമാണ്’ എന്നായിരുന്നു തന്റെ യു എ ഇ സന്ദര്‍ശനത്തിനിടയില്‍ പ്രധാനമന്ത്രി എഴുതിയത്. 2014 ലോക്സഭ തെരഞ്ഞെടുപ്പിലും സാങ്കേതികവിദ്യയുടെ ഗുണം മോഡി പരമാവധി ഉപയോഗിച്ചു. സാമൂഹ്യമാധ്യമങ്ങളായ ട്വിറ്ററിലും ഫേസ്‌ബുക്കിലും സജീവമാണ് അദ്ദേഹം.
 
6. മികച്ച ആരോഗ്യം
 
യോഗയെ പ്രണയിക്കുന്ന മോഡി എല്ലാദിവസവും യോഗ പരിശീലിക്കാനും സമയം കണ്ടെത്താറുണ്ട്. എത്ര തിരക്കിലാണെങ്കിലും ഇതിന് മുടക്കം വരുത്താറില്ല. തന്റെ 64 ആമത്തെ വയസ്സിലും ഉന്മേഷവാനായി ഇരിക്കുന്നതിന്റെ കാരണം യോഗയാണെന്നാണ് മോഡിയുടെ പക്ഷം. മോഡിയുടെ ശ്രമത്തിന്റെ ഫലമായാണ് ജൂണ്‍ 21 യോഗ ദിനമായി ഐക്യരാഷ്‌ട്രസഭ പ്രഖ്യാപിച്ചത്.
 
7. ഉത്സാഹം
 
ഉത്സാഹപൂര്‍വ്വം കാര്യങ്ങളെ സമീപിക്കുന്നതില്‍ മോഡിക്കുള്ള മികവ് പ്രശംസനീയമാണ്. ജപ്പാന്‍ സന്ദര്‍ശനവേളയില്‍ ഡ്രംസ് വായിച്ചതും അധ്യാപക ദിനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരം നല്കിയതും അതിന്റെ തെളിവാണ്.
 
8. ക്ഷമ
 
ക്ഷമ മുഖമുദ്രയായ നരേന്ദ്ര മോഡി ശാന്തമായും നിശ്‌ശബ്‌ദമായും കാര്യങ്ങളെ സമീപിക്കുന്ന വ്യക്തി കൂടിയാണ്. 
 
9. നേതൃത്വഗുണം
 
പൊതുപ്രഭാഷണത്തില്‍ താന്‍ തന്റെ സഹപ്രവര്‍ത്തകരേക്കാള്‍ ഒരു മണിക്കൂര്‍ അധികം ജോലി ചെയ്യുമെന്ന് അദ്ദേഹം വാഗ്‌ദാനം ചെയ്തു. സഹപ്രവര്‍ത്തകര്‍ക്ക് മാതൃകയായി തന്നെയാണ് അദ്ദേഹം അവരെ നയിക്കുന്നതും.
 
10. വിനയം
 
വിനയമുള്ള വ്യക്തിയാണ് നരേന്ദ്ര മോഡി. രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ എല്ലാ ചോദ്യങ്ങള്‍ക്കും അദ്ദേഹം ഉത്തരം നല്കുന്നത് തന്നെ ഇതിന് ഉദാഹരണം. താന്‍ പ്രധാനമന്ത്രിയല്ല, പ്രധാന്‍ സേവക് ആണെന്നാണ് മോഡി തന്നെ പറയുന്നത്. 125 കോടിയുള്ള ഇന്ത്യന്‍ ജനതയെ സമീപിക്കുന്ന ഈ രീതി തന്നെ അതിന് ഉദാഹരണം.

വെബ്ദുനിയ വായിക്കുക