തെരഞ്ഞെടുപ്പിലെ വാക്പോരില്‍ പുതിയ തന്ത്രവുമായി നേതാക്കള്‍ രംഗത്ത്. ഇത്തവണ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നുണയന്മാരാണെന്ന പ്രസ്താവനയുമായാണ് ബിജെപി പ്രധാന മന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി രംഗത്തു വന്നിരിക്കുന്നത്.
ഗുജറാത്ത് മോഡല്‍ വികസനത്തെ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കണക്കറ്റ് വിമര്‍ശിച്ചതാണ് മോഡിയെ ചൊടിപ്പിച്ചിരിക്കുന്നത്. ഇരുവരും നുണ പറയാന്‍ മത്സരിക്കുകയാണെന്നാണ് മോഡി ആരോപിക്കുന്നത്.
ഗുജറാത്തിലെ മാഹുവയില്‍ നടന്ന തെരഞ്ഞെടുപ്പു റാലിയിലാണ് മോഡി ആരോപണങ്ങളുമായി രംഗത്തു വന്നത്. ‘’അമ്മ ഒരു നുണ പറയുമ്പോള്‍ മകന്‍ രണ്ട് നുണകള്‍ പറയുന്നു. മകന്‍ രണ്ട് നുണകള്‍ പറയുമ്പോള്‍ അമ്മ രണ്ട് നുണകള്‍ പറയുന്നു. യുപിഎ സര്‍ക്കാരിന് വെല്ലുവിളിയായി ഒരു ചായവില്‍പ്പനക്കാരന്‍ രംഗത്ത് എത്തിയത് മുതല്‍ ഇരുവരും നിരാശരാണ്. കഴിഞ്ഞ 60 വര്‍ഷമായി ഇവരുടെ കുടുംബവാഴ്ച്ചയെ ചോദ്യം ചെയ്യാന്‍ ആരും ധൈര്യപ്പെട്ടില്ല’‘ തുടങ്ങി കടുത്ത ആരോപണങ്ങളാണ് മോഡി ഇരുവര്‍ക്കുമെതിരെ ആരോപിച്ചത്.
എന്നാല്‍ മോഡിയുടെ നുണയന്മാരെന്ന ആരോപണത്തിനെതിരെ കോങ്രസില്‍ കടുത്ത പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ മോഡിക്കെതിരെ കമ്മീഷനെ സമീപിക്കുമെന്നാണ് സൂചന