സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍; വരുന്ന മൂന്ന് വര്‍ഷം പദ്ധതികളില്‍ നടപ്പാക്കുന്നതില്‍ ശ്രദ്ധകൊടുക്കും
വ്യാഴം, 26 മെയ് 2016 (15:25 IST)
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ജനങ്ങള്‍ക്ക് മുന്നില്‍ പ്രതീക്ഷയുടെ കൊടുമുടികള്‍ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാരിനെ താഴെ ഇറക്കി മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ ചില എല്ലാ വാഗ്ദാനങ്ങളും പൂര്‍ത്തികാരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മുന്‍ സര്‍ക്കാരിനെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് എന്‍ ഡി എ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
സര്‍ക്കാരിന്റെ വിദേശനയവും, സാമ്പത്തിക വളര്‍ച്ചാ നിരക്കും, സര്‍ക്കാര്‍ പ്രഖ്യാപിച്ച ചില പദ്ധതികളുടെ വിജയവും ഇതിനെ സാധൂകരിക്കുന്നു. അതേസമയം തന്നെ കുതിച്ചുയരുന്ന പെട്രോള്‍ വിലയും, വരളച്ച നേരിടുന്നതിലെ പിഴവും സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്നു. എന്നാല്‍ അടുത്ത മൂന്ന് വര്‍ഷം ജനപ്രിയ പ്രഖ്യാപനങ്ങളിലൂടെയും പദ്ധതികളിലൂടെയും ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് എന്‍ ഡി എ സര്‍ക്കാരിന്റെ ശ്രമം. ഉയർന്ന പണപ്പെരുപ്പമാണ് സര്‍ക്കാര്‍ നേരിടുന്ന പ്രധാന പ്രശ്നം. 2018 ഓടെ ഇന്ത്യയിലെ മുഴുവന്‍ ഗ്രാമങ്ങള്‍ വൈദ്യുതീകരിക്കാനും 60,000 കിലോമീറ്റര്‍ റോഡ് നവീകരണവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ഇക്കഴിഞ്ഞ രണ്ട് വര്‍ഷം പദ്ധതികളുടെ ഏകീകരിക്കുന്നതിനാണ് സര്‍ക്കാര്‍ മുൻഗണന നല്‍കിയത്. വരുന്ന മൂന്ന് വര്‍ഷം ഇത് നടപ്പാക്കാനാകും സര്‍ക്കാരിന്റെ ശ്രമം.
സാമ്പത്തിക വളര്‍ച്ച കൈവരിക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാനും സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കുറച്ച് കൂടി കാര്യക്ഷമമാക്കാനുള്ള നടപടികളാകും ഇനി ഉണ്ടാകുക. തെരഞ്ഞെടുപ്പ് കാലത്തെ പ്രധാന വാഗ്‌ദാനമായിരുന്ന കള്ളപ്പണ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും കടുത്ത വിമര്‍ശനമാണ് സര്‍ക്കാര്‍ ഏറ്റുവാങ്ങുന്നത്. സര്‍ക്കാരിന്റെ കാലാവധി കഴിയുന്നതിന് മുന്‍പ് കള്ളപ്പണ വിഷയത്തില്‍ തീരുമാനമായില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരെ ഇത് ആായുധമാക്കാനുള്ള സാധ്യത ഉണ്ട്. ഇതിന് പുറമെ കള്ളപ്പണത്തിന്റെ ഒഴുക്ക് കുറയ്ക്കുകയും വിഷയത്തില്‍ കൂടുതല്‍ നടപടികള്‍ എടുക്കുകയും ചെയ്താല്‍ അത് രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കിലും കാര്യമായ മാറ്റം ഉണ്ടാകും.
അതേസമയം കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ആശ്വാസകരമായ പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വ്വേയില്‍ രാജ്യത്തെ മൂന്നിൽ രണ്ട് ജനങ്ങളും സംതൃപ്തരാണെന്ന് പ്രതികരിച്ചു. സര്‍വ്വേയില്‍ പങ്കെടുത്ത 64 ശതമാനം പേരും എൻ ഡി എ സർക്കാരിന്‍റെ ഭരണത്തിൽ തൃപ്തി രേഖപ്പെടുത്തി. മെയ്‍ക്ക് ഇന്‍ ഇന്ത്യ, സ്വച്ഛ് ഭാരത് പദ്ധതികൾ വിജയമാണ്. യുവാക്കൾക്ക് പ്രാധിനിധ്യം നൽകികൊണ്ടുളള പദ്ധതികൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ഇത് രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് ഒരുപരിധി വരെ പരിഹാരമായെന്ന് 34 ശതമാനം പേർ പ്രതികരിച്ചു.
61 ശതമാനം പേർ രാജ്യത്ത് അഴിമതി കുറഞ്ഞെന്ന് രേഖപ്പെടുത്തി. 72 ശതമാനം പേർ രാജ്യത്ത് ഭീകരവാദത്തിന് തടയിടാൻ സർക്കാരിന് സാധിച്ചെന്ന് വ്യക്തമാക്കി. കൂടാതെ, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാൻ സാർക്കാരിന് സാധിച്ചുവെന്ന് മൂന്നിൽ രണ്ട് ഭാഗം ജനങ്ങളും അഭിപ്രായപ്പെട്ടു.
എന്‍ ഡി എ പ്രഖ്യാപിച്ച പദ്ധതികളില്‍ 42 ശതമാനം പേര്‍ സ്വച്ഛ് ഭാരത് പദ്ധതി പൂര്‍ണ വിജയമാണെന്ന് പറഞ്ഞപ്പോള്‍ 13 ശതമാനം പേര്‍ അനുകൂലിച്ചത് മെയ്‍ക്ക് ഇന്‍ ഇന്ത്യ പദ്ധതിയേ ആണ്. മോദി ഭരണത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തില്‍ 45 ശതമാനം പേര്‍ നല്ലതാണെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 17 ശതമാനം പേര്‍ പൂര്‍ണ സംതൃപ്തി രേഖപ്പെടുത്തി. എന്നാല്‍ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് ഉള്ള അത്ര ജനസമ്മതി ഇപ്പോള്‍ മോദിക്ക് ഇല്ലെന്ന് 57 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.
മോദിയുടെ വിദേശനയത്തെ 45 ശതമാനം പേര്‍ മെച്ചപ്പെട്ടതണെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 23 ശതമാനം ആളുകള്‍ വളരെ മച്ചപ്പെട്ടതാണെന്ന അഭിപ്രായമാണ് മുന്നോട്ടുവച്ചത്.