യുവതിയെ നിരീക്ഷിച്ച സംഭവം: അന്വേഷണം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം

വെള്ളി, 9 മെയ് 2014 (15:18 IST)
ഗുജറാത്ത്‌ സര്‍ക്കാര്‍ യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാട്‌ വ്യക്‌തമാക്കി. ജഡ്‌ജിയെ നിയോഗിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം എന്നത്‌ ഇപ്പോള്‍ പരിഗണനയിലില്ലെന്നും കേന്ദ്രം വ്യക്‌തമാക്കി.
 
യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ അന്വേഷണ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന്‌ ചൂണ്ടിക്കാട്ടി യുവതിയുടെ പിതാവാണ്‌ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്‌. ഹര്‍ജിയുടെ അടിസ്‌ഥാനത്തില്‍ കേന്ദ്രസര്‍ക്കാരിനും ഗുജറാത്ത്‌ സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസയച്ചിരുന്നു. സംസ്‌ഥാന സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മിഷന്‍ നടത്തുന്ന അന്വേഷണം റദ്ദാക്കണമെന്നും യുവതിയുടെ സ്വകാര്യത സംരക്ഷിക്കണമെന്നും പിതാവ്‌ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
 
അതേസമയം, ഗുജറാത്ത്‌ സര്‍ക്കാരിന്റെ അന്വേഷണം സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച സുപ്രീംകോടതി യുവതിയ്‌ക്കും അച്‌ഛനും ഗുജറാത്ത്‌ ഹൈക്കോടതിയെ സമീപിക്കാമെന്നും നിര്‍ദേശിച്ചു. ആര്‍ക്കിടെക്‌ടായി ജോലിചെയ്യുന്ന യുവതിയെ നരേന്ദ്രമോഡിയുടെ അറിവോടെ നിരീക്ഷണവലയത്തിലാക്കിലെന്നാണ്‌ കേസ്‌. 2009 ലായിരുന്നു സംഭവം. സ്വകാര്യ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ട നിരീക്ഷണദൃശ്യങ്ങള്‍ വിവാദമായിരുന്നു.
 

വെബ്ദുനിയ വായിക്കുക