മാധ്യമപ്രവര്‍ത്തകനെ തീ കൊളുത്തി കൊന്നത്; സിബിഐ അന്വേഷണം വേണമെന്ന് പിതാവ്

തിങ്കള്‍, 15 ജൂണ്‍ 2015 (13:43 IST)
ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനായ ഗജേന്ദ്ര സിംഗ് തീ കൊളുത്തി മരിച്ച സംഭവത്തില്‍ അദ്ദേഹത്തിന്റെ പിതാവ് സി ബി ഐക്ക് കത്തയച്ചു. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഗജേന്ദ്രയുടെ പിതാവ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചത്.
 
അതേസമയം, സംഭവം നടന്ന് ഇത്ര ദിവസമായിട്ടും ഭരണനേതൃത്വത്തില്‍ നിന്ന് ആരും തങ്ങളെ സന്ദര്‍ശിക്കാന്‍ എത്തിയിട്ടില്ലെന്നും സംഭവത്തില്‍ സി ബി ഐ അന്വേഷണം വേണമെന്നും ജഗേന്ദ്രയുടെ ഭാര്യ ആവശ്യപ്പെട്ടു.
 
ഇതിനിടെ, ജഗേന്ദ്ര സിങ്ങിന്റെ മരണം സി ബി ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി അലഹബാദ് ഹൈക്കോടതി ഇന്ന് പരിഗണിച്ചു. ജഗേന്ദ്ര സിംഗിന്റെ കുടുംബത്തിന് 25 ലക്ഷം നഷ്‌ടപരിഹാരം നല്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ളതാണ് ഹര്‍ജി.
 
കഴിഞ്ഞദിവസം മാധ്യമപ്രവര്‍ത്തകന്‍ ജഗേന്ദ്ര സിംഗിന്റെ മരണമൊഴി പുറത്തുവന്നിരുന്നു. ആശുപത്രിയില്‍ വെച്ച് മരിക്കുന്നതിന്റെ തൊട്ടുമുമ്പ് ജഗേന്ദ്ര സിംഗ്  നല്കിയ മൊഴിയുടെ വിഡിയോ ദൃശ്യമാണ് പുറത്തു വന്നിരിക്കുന്നത്. തന്നെ എന്തിനാണ് തീ കൊളുത്തിയതെന്നും മന്ത്രിമാര്‍ക്കും അയാളുടെ ആള്‍ക്കാര്‍ക്കും തന്നോട് വൈരാഗ്യം ഉണ്ടായിരുന്നെങ്കില്‍ ഇടിക്കുകയോ തല്ലുകയോ ചെയ്യാമായിരുന്നു. മണ്ണെണ്ണയൊഴിച്ച് ശരീരം കത്തിച്ചത് എന്തിനാണെന്ന് ചോദിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക