മാധ്യമപ്രവര്‍ത്തകനെ ചുട്ടുകൊന്നത് പ്രകൃതിയുടെ തീരുമാനമെന്ന് യുപി മന്ത്രി

തിങ്കള്‍, 15 ജൂണ്‍ 2015 (14:41 IST)
ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ ചുട്ടുകൊന്നത് പ്രകൃതിയുടെ തീരുമാനമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി. ഹോര്‍ട്ടി കള്‍ച്ചര്‍ മന്ത്രി പരാശ്‌നാഥ് യാദവ് ആണ് വിവാദപ്രസ്താവന നടത്തിയത്. ഉത്തര്‍പ്രദേശ് മന്ത്രി റാം മൂര്‍ത്തിയും സംഘവും ചേര്‍ന്നായിരുന്നു സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ ആയിരുന്ന ജഗേന്ദ്ര സിംഗിനെ ചുട്ടുകൊന്നത്.
 
എഫ് ഐ ആറില്‍ പേര് പരാമര്‍ശിക്കപ്പെട്ടതിനെ തുടര്‍ന്ന് റാം മൂര്‍ത്തി ഒളിവിലാണ്. റാം മൂര്‍ത്തി ഒളിവിലായതിനെ തുടര്‍ന്ന് സമ്മര്‍ദ്ദത്തിലായ സമാജ്‌വാദി പാര്‍ട്ടിയെ പരാശ്‌നാഥിന്റെ പ്രസ്താവന വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്.
 
'ചില കാര്യങ്ങള്‍ പ്രകൃതിക്ക് വിധേയമായാണ് നടക്കുന്നത്. നിങ്ങള്‍ക്കത് തടയാനാവില്ല' സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പരാശ്‌നാഥ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജൂണ്‍ ഒന്നിനായിരുന്നു റാം മൂര്‍ത്തിയും സംഘവും ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റായ ജഗേന്ദ്ര സിംഗിനെ വീട്ടില്‍ കയറി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. ചികിത്സയിലായിരുന്ന ജഗേന്ദ്ര സിംഗ് ജൂണ്‍ എട്ടിനായിരുന്നു മരിച്ചത്.
 

വെബ്ദുനിയ വായിക്കുക