അസഹിഷ്ണുതയും കലാപവും ജനാധിപത്യത്തെ തകിടംമറിക്കും: പ്രണബ് മുഖര്‍ജി

വെള്ളി, 15 ഓഗസ്റ്റ് 2014 (10:30 IST)
അസഹിഷ്ണുതയും കലാപവും ജനാധിപത്യത്തെ തകിടംമറിക്കുമെന്നും മതേതര മൂല്യങ്ങള്‍ എന്തുവിലകൊടുത്തും സംരക്ഷിക്കണമെന്നും രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി.സ്വാതന്ത്ര്യദിനത്തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മതേതരമുല്യങ്ങള്‍ മുറുകെ പിടിക്കേണ്ട ആവശ്യകതയെക്കുറിച്ച് രാഷ്ട്രപതി രാഷ്ട്രത്തെ ഓര്‍മ്മിപ്പിച്ചത്.

ദാരിദ്ര്യമാണ് രാജ്യംനേരിടുന്ന പ്രധാന പ്രശ്‌നം. സാമ്പത്തിക വളര്‍ച്ചയുടെ ഗുണങ്ങള്‍ പാവപ്പെട്ടവര്‍ക്കും ഉറപ്പുവരുത്തണം.പട്ടിണി നിയന്ത്രിക്കാനായെങ്കിലും രാജ്യത്തെ മൂന്നിലൊന്ന് ജനങ്ങള്‍ ഇപ്പോഴും ദാരിദ്ര്യത്തിലാണ് കഴിയുന്നത് പ്രണബ് മുഖര്‍ജി പറഞ്ഞു.സാമ്പത്തിക വളര്‍ച്ചനിരക്ക് ഇപ്പോള്‍  അഞ്ച് ശതമാനത്തില്‍ താഴെയാണ് എന്നാല്‍ സാമ്പത്തിക മേഖല പ്രതീക്ഷകള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിര്‍മ്മാണരംഗം തിരിച്ചുവരവിന്റെ പാതയിലാണ് രാഷ്ട്രപതി കൂട്ടിചേര്‍ത്തു.

പ്രാചീന സംസ്‌കാരമാണെങ്കിലും ഇന്ത്യ പുതിയ സ്വപ്‌നങ്ങളുള്ള ആധുനിക രാഷ്ട്രമാണെന്നും അസഹിഷ്ണുതയും കലാപവും ജനാധിപത്യത്തെ തകിടംമറിക്കുമെന്നും പ്രണബ് പറഞ്ഞു. സമാധാനമില്ലാതെ സാമൂഹിക സാമ്പത്തിക വളര്‍ച്ച പ്രാപിക്കാനാവില്ലെന്ന് രാജ്യത്തെ ജനങ്ങള്‍ക്കറിയാം. മതേതര മൂല്യങ്ങള്‍ എന്തുവിലകൊടുത്തും സംരക്ഷിക്കേണ്ടതുണ്ട് പ്രണബ് കൂട്ടിചേര്‍ത്തു.

വെബ്ദുനിയ വായിക്കുക