ഡി കെ പട്ടമ്മാള്‍ അന്തരിച്ചു

വ്യാഴം, 16 ജൂലൈ 2009 (17:23 IST)
PROPRO
പ്രശസ്‌ത കര്‍ണാടക സംഗീതജ്ഞ ഡി കെ പട്ടമ്മാള്‍ അന്തരിച്ചു. ചെന്നൈ കോട്ടൂര്‍പുരത്തെ വീട്ടില്‍ ഇന്ന് ഉച്ചയ്‌ക്ക്‌ രണ്ടുമണിയോടെയായിരുന്നു അന്ത്യം. 90 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ഏറെക്കാലമായി ചികിത്സയിലായിരുന്നു.

കര്‍ണാടക സംഗീതലോകത്തെ ത്രിമൂര്‍ത്തികളില്‍ ഒരാളെന്നാണ് ഡി കെ പട്ടമ്മാള്‍ അറിയപ്പെടുന്നത്. എം എസ്‌ സുബ്ബലക്ഷ്മി, എം എല്‍ വസന്തകുമാരി എന്നിവര്‍ക്കൊപ്പം സംഗീതലോകം അടക്കിവാണ മഹാപ്രതിഭയായിരുന്നു പട്ടമ്മാള്‍.

1919 മാര്‍ച്ച്‌ 28ന്‌ തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് ദമാള്‍ കൃഷ്ണസ്വാമി ദീക്ഷിതരുടെയും കാന്തിമതിയുടെയും മകളായാണ് ദമാള്‍ കൃഷ്ണസ്വാമി പട്ടമ്മാള്‍ എന്ന ഡി കെ പട്ടമ്മാള്‍ ജനിച്ചത്. അമ്മ സംഗീത വിദുഷിയായിരുന്നു. പട്ടമ്മാള്‍ ചലച്ചിത്രഗാനരംഗത്തേക്ക് കടന്നു വന്നത് ത്യാഗഭൂമി എന്ന ചിത്രത്തിലൂടെയാണ്‌.

പ്രണയഗാനങ്ങളൊടും ചലച്ചിത്രഗാനങ്ങളോടും വേണ്ടത്ര ആഭിമുഖ്യം പുലര്‍ത്താതിരുന്ന പട്ടമ്മാള്‍ കര്‍ണാടക സംഗീതത്തില്‍ കാലങ്ങളായി തുടര്‍ന്നു പോന്ന ധാരണകളെ മാറ്റിമറിച്ച വ്യക്തിത്വമാണ്. അനവധി ഗുരുക്കന്‍‌മാരില്‍ നിന്നും സംഗീതത്തിന്‍റെ പാഠങ്ങള്‍ പടിച്ചെടുത്ത പട്ടമ്മാള്‍ സ്വരശുദ്ധികൊണ്ടും ആലാപന ഭംഗി കൊണ്ടും സംഗീതലോകത്ത് അത്ഭുതാവഹമായ സ്വാധീനമായി മാറി. സുബ്രഹ്മണ്യ ഭാരതീയാരുടെ പ്രശസ്തമായ പല രചനകള്‍ക്കും പട്ടമ്മാള്‍ ശബ്ദം നല്‍കി.

ആര്‍ ഈശ്വരന്‍ എന്ന എന്‍ജിനീയറാണ് പട്ടമാളിനെ വിവാഹം കഴിച്ചത്. രണ്ട് ആണ്‍‌മക്കള്‍. മകന്‍ ശിവകുമാറിന്‍റെ മകളായ നിത്യശ്രീ മഹാദേവന്‍ പ്രശസ്തയായ സംഗീതജ്ഞയാണ്.

പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, ഗാനസരസ്വതി, സംഗീത കലാനിധി, മധ്യപ്രദേശ്‌ സര്‍ക്കാരിന്‍റെ കാളിദാസ സമ്മാന്‍ തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2004ല്‍ ആകാശവാണി നാഷനല്‍ ആര്‍ട്ടിസ്റ്റ്‌ പദവി നല്‍കി ആദരിച്ചു.

വെബ്ദുനിയ വായിക്കുക