ഐ പി എല്‍ മത്സരങ്ങള്‍ക്ക് വെള്ളം നൽകാനാവില്ല, ജനങ്ങളാണ് വലുത്: മഹാരാഷ്ട്ര മുഖ്യമന്ത്രി

വെള്ളി, 8 ഏപ്രില്‍ 2016 (20:01 IST)
ഐ പി എൽ നടത്താന്‍ വേണ്ടി കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം നല്‍കാന്‍ ആകില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് കോടതിയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ക്രിക്കറ്റിനേക്കാൾ ജനങ്ങൾക്കാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. ഇനി ഐ പി എൽ മൽസരങ്ങളുടെ വേദി മാറ്റിയാലും ഞങ്ങൾക്ക് പ്രശ്നമില്ല- മുഖ്യമന്ത്രി വ്യക്തമാക്കി.
 
സംസ്ഥാനം കടുത്ത വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ ഗ്രൌണ്ട് പരിപാലനത്തിനും മറ്റും വെള്ളം നല്‍കാനാകില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ എടുത്തത്. വരൾച്ച പരിഗണിച്ച് മൽസരങ്ങൾ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുന്ന കാര്യം ആലോചിക്കണമെന്ന് ബോംബൈ ഹൈക്കോടതി നിർ‌ദേശിച്ചിരുന്നു. 
 
ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുകയും ടിക്കറ്റുകള്‍ മുഴുവന്‍ വില്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ ഉദ്ഘാടന മത്സരം നടത്താന്‍ ജസ്റ്റിസുമാരായ വി എം കനാഡെ, എം എസ് കാർനിക് എന്നിവരുൾപ്പെട്ട ബെഞ്ച് അനുമതി നൽകിയിരുന്നു. സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മുംബൈ, പുണെ, നാഗ്പൂർ എന്നിവിടങ്ങളിലെ മത്സരങ്ങള്‍ നടത്തുന്നത് സംബന്ധിച്ച തീരുമാനം. 
 
ഓരോ സ്റ്റേഡിയത്തിലും ഉപയോഗിക്കുന്ന ജലത്തിന്റെ സ്രോതസും അളവും വ്യക്തമാക്കി 12ന് സത്യവാങ്മൂലം സമർപ്പിക്കാനാണ് സംസ്ഥാന സർക്കാരിനോടും മുംബൈ മുനിസിപ്പൽ കോർപറേഷനോടും കോടതി നിർദേശിച്ചിരിക്കുന്നത്. നാളെയാണ് ഐ പി എൽ ഒൻപതാം സീസണിലെ ഉദ്ഘാടന മൽസരം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
 

വെബ്ദുനിയ വായിക്കുക