എ കെ ആന്റണി ഇന്ന് ചൈനയിലെത്തും

വ്യാഴം, 4 ജൂലൈ 2013 (08:53 IST)
PTI
PTI
കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി ഇന്ന് ചൈനയിലെത്തും. നാലുദിവസത്തെ പര്യടനത്തിനായിട്ടാണ് എ കെ ആന്റണി ചൈനയിലെത്തിയിരിക്കുന്നത്. ചൈനീസ്‌ പ്രതിരോധമന്ത്രി ജനറല്‍ ചാങ്ങ്‌ വാന്‍ക്വാനെ ആന്റണി ഇന്ന് കാണും. ഇനി അതിര്‍ത്തിപ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ ഇരുരാജ്യങ്ങളിലെയും സൈനിക മേധാവികള്‍ തമ്മില്‍ വ്യക്‌തമായ ധാരണയെത്തുകയാണ്‌ സന്ദര്‍ശനത്തിന്റെ പ്രധാനലക്ഷ്യം

ഏഴുവര്‍ഷത്തിനുള്ളില്‍ ആദ്യമായാണ്‌ ഇന്ത്യന്‍ പ്രതിരോധമന്ത്രി ചൈനയിലെത്തുന്നത്‌. 2012ല്‍ ചൈനീസ്‌ പ്രതിരോധമന്ത്രി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ്‌ ആന്റണിയുടെ ചൈന പര്യടനം. മൂന്നു സേനാവിഭാഗങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആന്റണിയുടെ സംഘത്തിലുണ്ട്‌.

തീവ്രവാദി വിരുദ്ധ സൈനികാഭ്യാസം സംയുക്‌തമായി നടത്തുന്ന തീയതി സംബന്ധിച്ചു ചര്‍ച്ചകളില്‍ തീരുമാനമുണ്ടായേക്കും. 2007ല്‍ കര്‍ണാടകയിലെ ബെല്‍ഗാമിലും 2008ല്‍ ചൈനയിലെ കുന്‍മിങ്‌ നഗരത്തിലും സംയുക്‌ത സൈനികാഭ്യാസം നടത്തിയിരുന്നു.

അതിര്‍ത്തി മേല്‍നോട്ടം ഫലപ്രദമാക്കുന്നതിന്‌ ഇരുവശത്തുനിന്നും കൂടുതല്‍ കാര്യക്ഷമമായി ആശയവിനിമയം നടത്തുന്നതിനുള്ള സംവിധാനമാണ്‌ ചൈന ലക്ഷ്യമിടുന്നത്‌. സൈന്യത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അതിര്‍ത്തിയില്‍ ക്രമീകരിക്കുന്നതിനു തടസ്സമുണ്ടാകാതിരിക്കുന്ന കാര്യത്തില്‍ ഇന്ത്യ ഊ‍ന്നല്‍ നല്‍കും.

എ കെ ആന്റണി ചൈനീസ്‌ പ്രധാനമന്ത്രി ലി കെചിയാങ്ങിനെയും സന്ദര്‍ശിച്ചേക്കും.

വെബ്ദുനിയ വായിക്കുക