ടീനഗറിലുണ്ടായ തീപിടുത്തം; വസ്ത്ര വ്യാപാരസ്ഥാപനത്തിന്റെ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു

വ്യാഴം, 1 ജൂണ്‍ 2017 (11:37 IST)
ചെന്നൈ ടി നഗറിൽ അഗ്നിബാധയുണ്ടായ കെട്ടിടം തകർന്നു വീണു. പനഗ‌ല്‍ പാര്‍ക്കിലുള്ള വസ്‌ത്ര വ്യാപാരസ്ഥാപനമായ ചെന്നൈ സില്‍ക്സിന്റെ കെട്ടിടമാണ്​ അഗ്നിബാധയെ തുടർന്ന്​ തകർന്നത്​. മൊത്തം കെട്ടിടത്തില്‍ ഏഴ് നിലകളാണ് ഉള്ളത് അതില്‍ അഞ്ച് നിലകളും പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. 
 
വ്യാഴാഴ്ച പുലര്‍ച്ചെ 3.20 ഓടെയാണ് കെട്ടിടം തകര്‍ന്നത്. തീ പടര്‍ന്ന്​ ചുമരുകൾക്കും തൂണുകൾക്കും വിള്ളൽ വീണിരുന്നു. ബലക്ഷയം സംഭവിച്ചതിനാല്‍ കെട്ടിടം തകര്‍ന്ന് വീണേക്കാമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് പ്രദേശവാസികളെ സ്ഥലത്തു നിന്ന് നേരത്തെ ഒഴിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ വന്‍ ദുരന്തം ഒഴുവായി.
 
ബുധനാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. നോര്‍ത്ത് ഉസ്മാൻ റോഡിലെ ചെന്നൈ സിൽക്ക്സിന്റെ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടായിരിക്കാം തീപിടിത്തത്തിനു കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ടീ നഗറിലേയും എഗ്മോറിലേയും കില്പോക്കിലെയും എട്ട് ഫയര്‍ എഞ്ചിന്‍ യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

വെബ്ദുനിയ വായിക്കുക