ഗുജറാത്ത് സര്‍ക്കാര്‍ നിരീക്ഷിച്ച പെണ്‍കുട്ടിയെ അറിയില്ലെന്ന ബിജെപി വാദം പൊളിഞ്ഞു; മോഡിയും യുവതിയുമൊത്തുള്ള ചിത്രങ്ങള്‍ പുറത്ത്

വെള്ളി, 29 നവം‌ബര്‍ 2013 (14:27 IST)
PRO
PRO
ഗുജറാത്ത് സര്‍ക്കാര്‍ നിയമവിരുദ്ധമായി നിരീക്ഷിച്ച യുവതിയെ അറിയില്ലെന്ന ബിജെപി വാദം പൊളിഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്രമോഡിയും യുവതിയുമൊത്തുള്ള ചിത്രങ്ങള്‍ പുറത്ത്. പുതിയ വിവാദം മോഡിയെ കടുത്ത പ്രതിരോധത്തിലാക്കി. ഗുലൈല്‍ ഡോട്ട് കോം എന്ന വെബ്സൈറ്റാണ് മുന്‍ തെഹല്‍ക റിപ്പോര്‍ട്ടര്‍ ആശിഷ് ഖേതന്റെ വാര്‍ത്ത അടക്കം ചിത്രം പുറത്ത് വിട്ടത്. ഇതോടെ പെണ്‍കുട്ടിയ്ക്ക് മോഡിയെ അറിയില്ലെന്ന വാദവും പൊളിഞ്ഞു. 2005 ഒക്ടോബറില്‍ കച്ചില്‍ നടത്തിയ ശാരദ് ഉത്സവത്തിനെത്തിയ മോഡിയും മാധുരിയെന്ന യുവതിയും സംസാരിച്ചു നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്.

ബാംഗ്ലൂര്‍ സ്വദേശിയായ ആര്‍ക്കിടെക്റ്റ് മാധുരിയുടെ ചിത്രം മുഖം മറച്ച രീതിയിലാണ് പോര്‍ട്ടല്‍ പുറത്തു വിട്ടത്. ഈ കൂടിക്കാഴ്ചയില്‍ തന്റെ ഇമെയിലും ഫോണ്‍ നമ്പരും മോഡി പെണ്‍കുട്ടിയ്ക്ക് കൈമാറിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ അന്ന് രാത്രി മാധുരി മോഡിയുടെ ടെന്റിലാണ് കഴിഞ്ഞിരുന്നതെന്നും അന്ന് കച്ച് കളക്ടറായിരുന്ന പ്രദീപ് ശര്‍മ്മയെ ഉദ്ധരിച്ച് ഗുലൈല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തിലാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഈ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

2009 മുതലാണ് പെണ്‍കുട്ടിയെ ഗുജറാത്ത് പോലീസ് നിരീക്ഷിച്ചത്. ടെലഫോണും ഇമെയിലും ചോര്‍ത്താനും ഇരുപത്തിനാലു മണിക്കൂറും പെണ്‍കുട്ടിയെ നിരീക്ഷിക്കാനും ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായാണ് നിര്‍ദ്ദേശം നല്‍കിയത്. ഐപിഎസ് ഉദ്യോഗസ്ഥന്‍ ജിഎല്‍ സിംഘാളാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

അടുത്ത പേജില്‍: മോഡി യുവതിയ്ക്ക് എസ്‌എം‌എസ് അയച്ചു!

ചിത്രത്തിന് കടപ്പാട്: gulail.com


PRO
PRO
ചിത്രം പുറത്തു വന്നതോടെ 2009ല്‍ നിരീക്ഷിക്കുന്നതിന് മുമ്പ് തന്നെ മോഡിയ്ക്ക് യുവതിയെ അറിയാമായിരുന്നുവെന്ന് വ്യക്തമായി. യുവതിയുടെ ദ്യശ്യങ്ങളുള്ള ഒരു സിഡി തന്റെ പക്കലുണ്ടെന്ന സംശയം കാരണമാണ് മോഡി തന്നെ കള്ളക്കേസില്‍ കുടുക്കിയതെന്ന് പ്രദീപ് ശര്‍മ്മ നേരത്തെ ആരോപിച്ചിരുന്നു. ഈ സിഡി കണ്ടെടുക്കാന്‍ പുലര്‍ച്ചെ തന്റെ വീട്ടീല്‍ റെയ്ഡ് നടത്തി. യുവതിക്ക് തന്നെ പരിചയമുണ്ടായിരുന്നു. നരേന്ദ്ര മോഡി അയച്ചതെന്ന് ചൂണ്ടിക്കാട്ടി ഒരു എസ് എം എസ് യുവതി തന്നെ കാണിച്ചു. ഈ ടെലിഫോണ്‍ നമ്പറിലേക്ക് തിരിച്ചു വിളിച്ചപ്പോള്‍ മോഡി ഉപയോഗിക്കുന്ന നമ്പറാണെന്ന് വ്യക്തമായെന്ന് ഐഎഎസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു. ഈ സംഭവങ്ങളില്‍ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് പ്രദീപ് ശര്‍മ്മ സുപ്രീം കോടതിയെ സമീപിച്ചത്.

പെണ്‍കുട്ടിയെയും, തന്നെയും അന്യായമായി നിരീക്ഷിച്ചതും, മൊബൈല്‍ ടാപ്പ് ചെയതതും ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ടിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് പി സദാശിവത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഡിസംബര്‍ ആദ്യവാരം പരിഗണിക്കും. കത്ത് എഴുതി വാങ്ങുകയായിരുന്നുവെന്നും തന്റെ നിര്‍ദ്ദേശപ്രകാരമാണ് മകളെ നിരീക്ഷിച്ചതെന്ന യുവതിയുടെ അച്ഛന്റെ വാദം തെറ്റാണെന്നും ശര്‍മ്മ വ്യക്തമാക്കുന്നു.

ചിത്രത്തിന് കടപ്പാട്: gulail.com

വെബ്ദുനിയ വായിക്കുക