ഒമര്‍ കാശ്മീര്‍ മുഖ്യമന്ത്രിയായി തുടരും

ചൊവ്വ, 28 ജൂലൈ 2009 (19:40 IST)
ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുള്ള തുടരും. ഒമറിന്‍റെ രാജി ഗവര്‍ണര്‍ സ്വീകരിക്കാത്ത സാഹചര്യത്തിലാണിത്. അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ ഗവര്‍ണര്‍ എന്‍ എന്‍ വോറ ഒമറിനോടാവാശ്യപ്പെട്ടു.

ലൈംഗിക അപവാദ കേസില്‍ ഉള്‍പ്പെട്ടെന്ന പ്രതിപക്ഷ ആരോപണത്തെ തുടര്‍ന്നായിരുന്നു ഒമര്‍ രാജിക്കത്ത് നല്‍കിയത്. എന്നാല്‍ അന്തിമ തീരുമാനം വരുന്നതുവരെ കാത്തിരിക്കാന്‍ ഗവര്‍ണര്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.

ഖ്യമന്ത്രിക്കെതിരെ ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് നാടകീയ രംഗങ്ങളാണ് ഇന്ന് ജമ്മു കാശ്മീര്‍ നിയമസഭയില്‍ അരങ്ങേറിയത്. കേസില്‍ ഒമര്‍ അബ്ദുല്ല 102ാ‍ം പ്രതിയാണെന്ന്‌ പിഡിപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ മുസാഫര്‍ ബെയ്ഗ്‌ ആണ് സഭയില്‍ ആരോപിച്ചത്. ഇതിനെത്തുടര്‍ന്ന് ഒമര്‍ സഭയില്‍ വച്ചുതന്നെ രാജി പ്രഖ്യാപിക്കുകയായിരുന്നു. പാര്‍ട്ടി എംഎല്‍എമാരെയും മന്ത്രിമാരെയും ഒമറിന്‍റെ തീരുമാനം ഞെട്ടിച്ചിരിക്കുകയാണ്.

2006 ലാണ് കേസിനാസ്പദമായ സംഭവം. ശ്രീനഗറില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി കൂട്ട ബലാല്‍സംഗത്തിന് ഇരയാവുകയായിരുന്നു. കേസില്‍ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും പൊലീസ് ഓഫീസര്‍മാരും ഉള്‍പ്പെട്ടതായി പറയപ്പെടുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന സിബിഐ ആണ് അന്വേഷിക്കുന്നത്.

അതേസമയം മുഖ്യമന്ത്രിക്കെതിരായ ആരോപണം അന്വേഷണ ഏജന്‍സി തള്ളിക്കളഞ്ഞിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ടതിന് മുഖ്യമന്ത്രിക്കെതിരെ തെളിവില്ലെന്ന് സിബിഐ ഇന്ന് വ്യക്തമാക്കി. ഏജന്‍സിയെ അനാവശ്യമായി വിവാദത്തീലേക്ക് വലിച്ചിഴയ്ക്കുന്നതില്‍ സിബിഐ അതൃപ്തി അറിയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക