കേരളക്കരയില്‍ പുലിമുരുകന്‍റെ താണ്ഡവം; 3 ദിവസം 13 കോടി!

തിങ്കള്‍, 10 ഒക്‌ടോബര്‍ 2016 (16:12 IST)
മൂന്ന്‌ ദിവസത്തെ കളക്ഷന്‍ 13 കോടി. കേരളക്കരയില്‍ താണ്ഡവനൃത്തം ചവിട്ടുകയാണ് മോഹന്‍ലാലിന്‍റെ പുലിമുരുകന്‍. വൈശാഖ് സംവിധാനം ചെയ്ത ഈ ബമ്പര്‍ ഹിറ്റ് ചിത്രം മലയാള സിനിമയുടെ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും മാറ്റിയെഴുതുകയാണ്. 
 
കേരളത്തില്‍ നിന്ന് മാത്രം മൂന്നുദിവസങ്ങള്‍ കൊണ്ട് 12.91 കോടി രൂപയാണ് പുലിമുരുകന്‍ സ്വന്തമാക്കിയിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തില്‍ ഇങ്ങനെ ഒരു ബോക്സോഫീസ് കുതിപ്പ് കണ്ടിട്ടില്ല. ഓരോ ദിവസം ചെല്ലുന്തോറും കളക്ഷന്‍ കുതിച്ചുകയറുകയാണ്.
 
ആദ്യദിനത്തില്‍ 4.05 കോടിയും രണ്ടാം ദിനത്തില്‍ 4.03 കോടിയും മൂന്നാം ദിനത്തില്‍ 4.83 കോടിയുമാണ് പുലിമുരുകന്‍ കേരളത്തില്‍ നിന്ന് വാരിക്കൂട്ടിയത്. ഉദയ്കൃഷ്ണയുടെ മാസ് തിരക്കഥയും പീറ്റര്‍ ഹെയ്നിന്‍റെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും വൈശാഖിന്‍റെ പവര്‍പാക് സംവിധാനവും സര്‍വോപരി മോഹന്‍ലാലിന്‍റെ വിസ്മയപ്രകടനം കൂടിയായതോടെ പുലിമുരുകന്‍ റെക്കോര്‍ഡ് വിജയമായി മാറി.
 
ചരിത്രം മാറ്റിയെഴുതി എന്നതുമാത്രമല്ല, പുലിമുരുകന്‍ സൃഷ്ടിച്ച ഈ റെക്കോര്‍ഡ് ഭേദിക്കണമെങ്കില്‍ അടുത്തകാലത്തെങ്ങും ഒരു മലയാള ചിത്രത്തിന് കഴിയുമെന്നും തോന്നുന്നില്ല. അത്രയ്ക്ക് ഗംഭീര പ്രകടനമാണ് ഈ ആക്ഷന്‍ ത്രില്ലര്‍ കേരള ബോക്സോഫീസില്‍ നടത്തുന്നത്.

വെബ്ദുനിയ വായിക്കുക