മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട്, ജയറാം - സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍ - സത്യന്‍ അന്തിക്കാട് എന്നീ കൂട്ടുകെട്ടുകള്‍ മലയാള സിനിമാ ബോക്‌സോഫീസിനെ പണം കൊണ്ട് നിറച്ചവയാണ്. എന്നാല്‍ അത്രയൊന്നും വിജയിച്ചതല്ല സത്യന്‍ അന്തിക്കാട് - മമ്മൂട്ടി കൂട്ടുകെട്ട്. വലിയ വിജയങ്ങള്‍ ഉണ്ടായില്ലെങ്കിലും പ്രേക്ഷകരെ നിരാശപ്പെടുത്തിയ ഒരു സിനിമ പോലും ഈ ടീമില്‍ നിന്ന് ഉണ്ടായിട്ടില്ല എന്നത് വസ്‌തുത.
മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുമോ? അത്തരത്തിലുള്ള ചില വാര്‍ത്തകള്‍ അണിയറയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഉടനെ അത്തരമൊരു പ്രൊജക്ടിന് സാധ്യതയില്ല. അടുത്ത ചിത്രം മോഹന്‍ലാലിനെ നായകനാക്കി ചെയ്യാനാണ് സത്യന്‍ അന്തിക്കാട് തീരുമാനിച്ചിരിക്കുന്നത്. അതിന് ശേഷം മമ്മൂട്ടിച്ചിത്രം പ്രതീക്ഷിക്കാം.
മമ്മൂട്ടി - സത്യന്‍ അന്തിക്കാട് ടീം ഇനിയും ഒന്നിക്കുന്നത് രസകരമായ ഒരു കുടുംബചിത്രത്തിനായി ആയിരിക്കും എന്നുറപ്പിക്കാം. അത് ഗോളാന്തരവാര്‍ത്ത പോലെ രാഷ്ട്രീയവും സാമൂഹ്യവിഷയങ്ങളും ചര്‍ച്ച ചെയ്യുന്ന ഒരു ഫാമിലി എന്‍റര്‍ടെയ്നറായിരിക്കും. പൊലീസും പഞ്ചായത്ത് മെമ്പറും പഞ്ചായത്ത് പ്രസിഡന്‍റുമൊക്കെയുണ്ടെങ്കിലും എല്ലാ ആവശ്യങ്ങള്‍ക്കും രമേശന്‍ നായര്‍ എന്ന സാധാരണക്കാരനെ ആശ്രയിക്കുന്ന ഒരു ഗ്രാമത്തെക്കുറിച്ചായിരുന്നു ഗോളാന്തര വാര്‍ത്ത.
1997ല്‍ ഒരാള്‍ മാത്രം എന്ന സിനിമയാണ് മമ്മൂട്ടി - സത്യന്‍ കൂട്ടുകെട്ടില്‍ അവസാനം വന്നത്. ശ്രീധരന്റെ ഒന്നാം തിരുമുറിവ്, അര്‍ത്ഥം, കളിക്കളം, കനല്‍ക്കാറ്റ്, ഗോളാന്തരവാര്‍ത്ത, നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ളൂര്‍ നോര്‍ത്ത് എന്നിവയാണ് ഈ ടീമിന്റെ മറ്റ് ചിത്രങ്ങള്. കിന്നാരം, ഗാന്ധിനഗര്‍ സെക്കന്റ് സ്‌ട്രീറ്റ് എന്നീ സത്യന്‍ അന്തിക്കാട് സിനിമകളില്‍ മമ്മൂട്ടി അതിഥി താരമായി അഭിനയിച്ചിട്ടുണ്ട്.