വിവാദ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റിന്‍ ലജ്ജയുടെ രണ്ടാം ഭാഗത്തിന്‍റെ പണിപ്പുരയിലാണ്. പക്ഷേ സൃഷ്ടിയുടെ വേദനയേക്കാള്‍ തസ്ലിമയെ മുറിവേല്‍പ്പിക്കുന്നത് മറ്റൊന്നാണ്; തന്‍റെ പുസ്തകത്തിന് പ്രസാധകരെ ലഭിക്കാത്തതാണ് തസ്ലീമയെ വേട്ടയാടുന്ന വേദന. പുസ്തകം പ്രസിദ്ധീകരിക്കാന്‍ ധൈര്യമുള്ള പ്രസാധകരെ കാത്തിരിക്കുകയാണ് എഴുത്തുകാരി.
1993 ലാണ് ഏറെ വിവാദങ്ങളുയര്‍ത്തി ലജ്ജ പുറത്തിറങ്ങിയത്. 1992 ല്‍ ഇന്ത്യയില്‍ ബാബറി മസ്ജിദ് തകര്‍ന്നതിനു ശേഷം ബംഗ്ലാദേശില്‍ പൊട്ടിപ്പുറപ്പെട്ട ഹിന്ദു വിരുദ്ധ കലാപങ്ങളാണ് പുസ്തകത്തിലുള്ളത്. വിവാദങ്ങളുയര്‍ത്തിയ പുസ്തകം പ്രസിദ്ധീകരിച്ച ഉടനെ ബംഗ്ലാദേശില്‍ നിരോധിച്ചു. ചില ഇന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രത്യാഘാതം ഭയന്ന് നിരോധനമുണ്ടായി.
തുടര്‍ന്ന് ബംഗ്ലാദേശില്‍ നിന്ന് പുറത്താക്കപ്പെട്ട തസ്ലീമയ്ക്ക് അഭയം നല്‍കിയത് ഇന്ത്യയാണ്. പക്ഷേ 2007 ല്‍ ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് ഇവര്‍ ഇന്ത്യ വിടുകയായിരുന്നു. ഇപ്പോള്‍ ഇവര്‍ ജര്‍മനി, ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ മാറി മാറി താമസിക്കുകയാണ്.
മാനസികമായും ശാരീരികമായും മുറിവേല്‍പ്പിക്കപ്പെട്ട തന്‍റെ ജീവിതത്തിന്‍റെ തുറന്നു പറച്ചിലാണ് തസ്ലീമയെ വിവാദനായികയാക്കിയത്. ലോകത്തെങ്ങും സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ ഇപ്പോഴും ആവര്‍ത്തിക്കപ്പെടുന്നതില്‍ ആധിയുമുണ്ട് കഥാകാരിയ്ക്ക്. യാഥാസ്ഥിതിക മുസ്ലീം കുടും ബമായിട്ടും ഉന്നത വിദ്യാഭ്യാസം നല്‍കിയതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കടപ്പാട് പിതാവിനോടാണെന്ന തസ്ലീമ എഴുതിയിട്ടുണ്ട്.
ഇപ്പോള്‍ അമേരിക്കയിലെ വിവിധ സര്‍വ്വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറാണ് ഡോക്ടറായ തസ്ലീമ. മനുഷ്യാവകാശ ലംഘനങ്ങള്‍ എങ്ങും ചര്‍ച്ചാ വിഷയമാവുമ്പോഴും ഒരു രാജ്യത്തും പൌരത്വമില്ലാതെ അലയുകയാണ് കഥാകാരി. ലജ്ജയുടെ രണ്ടാം ഭാഗത്തില്‍ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന എന്തൊക്കെ വിവരങ്ങളാണുണ്ടാവുകയെന്ന ആകാംക്ഷയിലാണ് ലോകം.