ഖസാക്കിനു പുനര്‍ജനി

ബുധന്‍, 29 ഡിസം‌ബര്‍ 2010 (17:39 IST)
'കൂമന്‍കാവില്‍ ബസിറങ്ങിയപ്പോള്‍ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല'.

PRO
അതേ, ജന്മബന്ധങ്ങളുടെ തുടര്‍ച്ചയെന്നോണം രവിയെ കാത്തിരിക്കുകയായിരുന്നു ഖസാക്ക്. കൂമന്‍ കാവില്‍ നിന്നും മൈലാ‍ഞ്ചിപ്പാടം താണ്ടിയുള്ള ആദ്യ യാത്ര മുതല്‍ മണ്‍പുറ്റുകളില്‍ നിന്നും ഇഴഞ്ഞു വന്ന 'ഉണ്ണിക്കുട്ടന്റെ' കൊച്ചരിപ്പല്ലുകള്‍ ഏറ്റു വാങ്ങി മഴ കുതിര്‍ന്നുള്ള അവസാന കാത്തിരിപ്പു വരെ രവി ഖസാക്കിന്റേതു മാത്രമായിരുന്നു.

കര്‍മ്മപരമ്പരകളുടെ സ്നേഹരഹിതമായ അകല്‍ച്ചയും ദു:ഖവും മാത്രം സ്ഥായിയായ ഇതിഹാസ കഥയ്ക്ക് വിജയനൊരുക്കിയ സങ്കല്‍പ്പ ഭൂമി മാത്രമായിരുന്നില്ല ഖസാക്ക്. കരിമ്പനപ്പട്ടകളില്‍ കാറ്റു പിടിക്കുന്ന തസ്രാക്കെന്ന പാലക്കാടന്‍ ഗ്രാമത്തെയും അവിടുത്തെ മനുഷ്യ - ജൈവ പ്രകൃതിയെയും അഭൌമികമായ തലത്തില്‍ പുനര്‍സൃഷ്ടിക്കുകയായിരുന്നു വിജയന്‍.

മലയാളിയുടെ വായനാനുഭവത്തെ മുമ്പെങ്ങുമില്ലാത്ത വിധം മാറ്റി മറിച്ച ഖസാക്കിന്റെ ഇതിഹാസത്തിലൂടെ ചിരപ്രസിദ്ധമായ തസ്രാക്ക് സ്വന്തം ഇതിഹാസകാരനെ വീണ്ടെടുക്കാനുള്ള അപൂര്‍വ്വമായൊരു തയ്യാറെടുപ്പിലാണിന്ന്. ഇതിഹാസത്തിലൂടെ അനശ്വരമായ തസ്രാക്കിന്റെ ജൈവസ്ഥലികളും കെട്ടിട നിര്‍മ്മിതികളുമെല്ലാം അതേപടി നിലനിര്‍ത്തി സംരക്ഷിക്കുന്ന പദ്ധതിക്ക് തുടക്കമാവുകയാണ്.

കൊടുമ്പ് പഞ്ചായത്തിലെ തണ്ണീര്‍പ്പന്തലില്‍ വിജയന്‍ ഭാവനയില്‍ സൃഷ്ടിച്ച കൂമന്‍കാവു ബസ് സ്റ്റോപ്പില്‍ ഇതിഹാസത്തിലെ സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും ആലേഖനം ചെയ്ത കൂറ്റന്‍ കമാനമുയരും.

പണ്ട് പണ്ട് പൌര്‍ണമി രാവില്‍ റബുല്‍ അമീനായ തമ്പുരാന്റെയും മുത്തുനബിയുടെയും ബദരീങ്ങളുടേയും ഉടയോനായ സെയ്ദ് മിയാന്‍ ഷെയ്‌ഖിന്‍റെയും നേതൃത്വത്തില്‍ ആയിരത്തൊന്ന് വെള്ളക്കുതിരകളുടെ പുറത്ത് ഖസാക്കിലേക്ക് വന്ന പടയോട്ടത്തിന്റെ കഥ റാവുത്തര്‍മാരുടെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്ത അള്ളാപ്പിച്ചാ മൊല്ലാക്കയുടെ ഓത്തുപള്ളി ഇനി തസ്രാക്കിനെ തേടിയെത്തുന്ന അക്ഷരസ്നേഹികളെ കാത്തിരിക്കും.

നിലാവു നിറഞ്ഞ രാത്രികളില്‍ അറബികള്‍ തലവെട്ടിയെറിഞ്ഞ കബന്ധങ്ങള്‍ നീരാടാനെത്തുന്ന നീലത്താമര നിറഞ്ഞ അറബിക്കുളവും സമീപത്തായി രവി താവളമാക്കിയ ഞാറ്റുപുരയും കാണാം.

ഉടലിന്റെ ധാരാളിത്തത്തിന് പൊന്നു വേണ്ടായെന്ന് ഖസാക്കുകാര്‍ ഒതുക്കം പറഞ്ഞ മൈമൂന, ചിരിക്കുമ്പോള്‍ നുണക്കുഴി വിരിയുന്ന മൈമൂനയുടെ കാമുകന്‍ നിജാമലി, അവളുടെ മണവാളന്‍ ചക്രു റാവുത്തര്‍, കുതിരമുഖവും പിത്തള തിളക്കമാര്‍ന്ന കണ്ണുകളും മഞ്ഞ നിറവുമുള്ള രവിയുടെ പ്രിയ അപ്പുക്കിളി പിന്നെ ശിവരാമന്‍ നായര്‍, നാരായണി, കുഞ്ഞാമിന, കുട്ടാടന്‍ പൂശാരി ഇങ്ങനെ ഖസാക്കിന്റെ ഭൂമികയില്‍ സ്ഥാനമുറപ്പിച്ച പച്ചമനുഷ്യരെത്ര.

മന്ദാരങ്ങളുടെ ഇലകള്‍ ചേര്‍ത്ത് തുന്നിയ പുനര്‍ജനിയുടെ കൂടു വിട്ട് വിജയന്‍ യാത്രയായെങ്കിലും ഖസാക്ക് ഇന്നും കാത്തിരിക്കുകയാണ് സ്വന്തം ഇതിഹാസകാരനെ.

വെബ്ദുനിയ വായിക്കുക