കടത്തനാടിന്‍റ ധീരനായിക ഉണ്ണിയാര്‍ച്ചയെപ്പറ്റി നിലവിലുള്ള വാമൊഴി ചരിത്രങ്ങളെ വെല്ലുന്ന തിരക്കഥ ഒരുക്കിയിരിക്കുകയാണ് ‘കടത്തനാടന്‍ നൊമ്പരങ്ങള്‍’ എന്ന പുസ്തകത്തില്‍. ടിപ്പുവിന്‍റെ വെപ്പാട്ടിയാണ് ഉണ്ണിയാര്‍ച്ചയെന്നാണ് ഗ്രന്ഥകാരന്‍റെ കണ്ടെത്തല്‍.
പയ്യന്നൂരിലെ ‘സാഹിതി’ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ ‘വിലപ്പെട്ട’ പുസ്തകത്തിന്‍റെ കര്‍ത്താവ് ഭാസ്ക്കരന്‍ മാനന്തേരിയാണ്. പിതാവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ലഭിച്ചതാണ് ഈ വാമൊഴി ചരിത്രമെന്നാണ് ഉണ്ണിയാര്‍ച്ചയുടെ കുടുംബപാരമ്പര്യം അവകാശപ്പെടുന്ന ഗ്രന്ഥകാരന്‍ പറയുന്നത്.
16 - 17 നൂറ്റാണ്ടുകളില്‍ വാമൊഴിയായി മാത്രം പ്രചരിച്ച ഉണ്ണിയാര്‍ച്ചയെ കൂട്ടിക്കെട്ടുന്നത് പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ച ‘മൈസൂര്‍ കടുവ’യോടാണ്. നാടോടിപ്പാട്ടുകളുടെ കാലനിര്‍ണയ പഠനങ്ങളിലാണ് വീരേതിഹാസങ്ങളുടെ കാലയളവ് കണ്ടുപിടിച്ചത്.
എന്നാല്‍ ചരിത്രത്തില്‍ കൃത്യമായ തെളിവുകളുള്ള ടിപ്പു സുല്‍ത്താന്‍റെ ഭാര്യയാക്കാന്‍ വേണ്ടി നാദാപുരം യുദ്ധത്തെയാണ് അദ്ദേഹം കരുവാക്കിയത്. ഉണ്ണിയാര്‍ച്ചയെ കണ്ടുമോഹിച്ച ടിപ്പു ഈ വീരാംഗനയെ സ്വന്തമാക്കിയത് വീട്ടിലെ സ്ത്രീകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ്! നായര്‍ - നമ്പൂതിരി വിവാഹം അസംബദ്ധമാണെന്ന് കണ്ട് നിരോധിച്ച ഭരണാധികാരിയാണ് ടിപ്പു സുല്‍ത്താന്‍.
തച്ചോളി തറവാട്ടിലെ ഒതേനന്‍റെ സഹോദരി ഉണ്ണിയാറയുടെ മകളായിരുന്നു പുത്തൂരം വീട്ടിലെ ഉണ്ണിയാര്‍ച്ചയെന്ന കണ്ടെത്തലും പുസ്തകത്തിലുണ്ട്. വാമൊഴിപ്പാട്ടുകളില്‍ പാടിപ്പതിഞ്ഞ കാര്യങ്ങളാണ് അദ്ദേഹം ഒരു കഥാകാരന്‍റെ ഭാവനയില്‍ വിവരിക്കുന്നത്.
ചരിത്രം വസ്തുതകളാണെന്ന യാഥാര്‍ത്ഥ്യം ഭാസ്കരന്‍ മാനന്തേരി സൌകര്യപൂര്‍വ്വം മറക്കുകയാണ്. എന്തിനു ഉണ്ണിയാര്‍ച്ചയുടെയും ഒതേനന്‍റെയും ജനനവും മരണവും വരെ കൃത്യം! ചോദ്യം ചെയ്യാന്‍ ചരിത്ര തെളിവുകളൊന്നും ആരുടെയും കൈയിലില്ലല്ലോ?