പി ജയരാജനെ കൊലയാളി എന്നു വിളിച്ചു; കെ‌കെ രമയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി കോടിയേരി

ബുധന്‍, 20 മാര്‍ച്ച് 2019 (10:39 IST)
പി ജയരാജനെ കൊലയാളിയെന്ന് വിശേഷിപ്പിച്ചെന്നാരോപിച്ച് ആര്‍എംപിഐ നേതാവ് കെകെ രമയ്ക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും പൊതുജന മധ്യത്തില്‍ സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്താനും കെകെ രമ ശ്രമിച്ചുവെന്നും ഇതിനെതിരെ മാതൃകാ പെരുമാറ്റചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് സിപിഐഎം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.
 
ആര്‍എംപിഐ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പി ജയരാജന്‍ പറഞ്ഞിരുന്നു.തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയ വിവരം ഇന്നലെ  വൈകീട്ട് കോടിയേരി ബാലകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.
 
മാര്‍ച്ച് 17ന് കോഴിക്കോട് ആര്‍എംപി യോഗത്തിന് ശേഷം പത്ര -ദൃശ്യമാധ്യമങ്ങളോട് സംസാരിക്കവേയാണ് ടി പി ചന്ദ്രശേഖരന്റേതടക്കമുള്ള കേസുകളില്‍ ജയരാജന്‍ പ്രതിയാണെന്ന് കെകെ രമ പറഞ്ഞത്. പരാമര്‍ശത്തില്‍ ആര്‍എംപിഐ നേതാക്കള്‍ക്കെതിരെ പി ജയരാജന്‍ വക്കീല്‍നോട്ടീസ് അയച്ചിട്ടുണ്ട്. ആരോപണം പിന്‍വലിച്ച് അഞ്ച് ദിവസത്തിനകം പരസ്യമായി ഖേദപ്രകടനം നടത്തണമെന്നും അല്ലാത്തപക്ഷം സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കുമെന്നാവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍