സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ യുട്യൂബര്‍ സൂരജ് പാലാക്കാരന്‍ പൊലീസില്‍ കീഴടങ്ങി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 29 ജൂലൈ 2022 (18:17 IST)
സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ യുട്യൂബ് ചാനല്‍ നടത്തിപ്പുകാരന്‍ സൂരജ് പാലാക്കാരന്‍ പൊലീസില്‍ കീഴടങ്ങി. സൂരജ് പാലാക്കാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. തെറ്റ് ചെയ്തിട്ടില്ലെന്നാണ് വിശ്വാസം എന്ന് സൂരജ് പാലാക്കാരന്‍ പറഞ്ഞു. കോടതിയെ ബഹുമാനിക്കുന്നുവെന്നും സൂരജ് പാലാക്കാരന്‍ പ്രതികരിച്ചു.
ക്രൈം നന്ദകുമാറിനെതിരെ പരാതി നല്‍കിയ അടിമാലി സ്വദേശിനിയെക്കുറിച്ച് മോശമായി വീഡിയോ ചിത്രീകരിച്ചതാണ് കേസിനാധാരം. യുവതി നല്‍കിയ പരാതിയില്‍ എറണാകുളം സൗത്ത് പൊലീസാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, പട്ടിക ജാതി  പട്ടിക വര്‍ഗ്ഗ അതിക്രമ നിരോധന നിയമ പ്രകാരവുമാണ് കേസ്.
 
ഈ കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. സൂരജിനെതിരെ പട്ടികജാതി പട്ടികവര്‍ഗ വകുപ്പുകള്‍ പ്രകാരം ചുമത്തിയ കേസുകള്‍ നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പ്രതിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പ്രതി ഹൈക്കോടതിയെ സമീപിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍