ഹരിഹരവര്‍മ്മയിന്നും അജ്ഞാതന്‍; സുകുമാരക്കുറുപ്പെന്ന് സംശയം!

ബുധന്‍, 14 മെയ് 2014 (15:02 IST)
കൊല്ലപ്പെട്ട രത്‌നവ്യാപാരി ഹരിഹരവര്‍മ്മ അജ്ഞാതനായി തുടരുന്നതിനിടെ ചാക്കോ വധക്കേസില്‍ ഒളിവില്‍പ്പോയ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പാണോയെന്ന് സംശയമുയരുന്നു. ഇത് കണ്ടെത്തുന്നതിന് സുകുമാരക്കുറുപ്പിന്റെ ബന്ധുക്കള്‍ക്ക് ഡിഎന്‍എ പരിശോധന നടത്താന്‍ ശ്രമം തുടങ്ങി. സുകുമാരക്കുറുപ്പിന്റെ ജന്മസ്ഥലം മാവേലിക്കരക്ക് സമീപം ചെറിയനാട് ആണ്. പരിചയപ്പെടുന്ന മിക്കവരോടും വര്‍മ്മ പറഞ്ഞിരുന്നത് മാവേലിക്കര കൊട്ടാരത്തിലെ അംഗമെന്നായിരുന്നു. ഇതു തന്നെയാണ് പൊലീസിന് സംശയമേറാന്‍ കാരണവും. രൂപവും ഭാവവും അടിക്കടി മാറുന്ന തന്ത്രശാലിയായിരുന്നു കുറുപ്പ്.
 
വര്‍മ്മയുടെ രക്തബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഡിഎന്‍എ പരിശോധന നടത്തുന്നതിനെ കുറിച്ച് പോലീസ് ആലോചിക്കുന്നത്. ഈ പരിശോധന നടത്തുന്നതിന് സാങ്കേതികമായി ചില ബുദ്ധിമുട്ടുകളുണ്ടെങ്കിലും ഇത് മറികടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. വര്‍മ്മ ആരാണെന്ന് കണ്ടെത്താന്‍ കഴിയാത്ത പൊലീസിനെ കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. 
 
ഹരിഹര വര്‍മ്മയുടെ വ്യക്തമായ ചിത്രമുണ്ടായിട്ടും ഇയാളെത്തേടി രണ്ട് ഭാര്യമാരല്ലാതെ ആരുമെത്തിയില്ല. രക്തബന്ധുക്കള്‍ എന്ന് പറഞ്ഞ് ആരുമെത്താത്തതാണ് പൊലീസിനെ കുഴച്ചത്. പൊലീസിന്റെ അന്വേഷണത്തിലും കുടുംബമോ ബന്ധുക്കളെയോ കണ്ടെത്താന്‍ കഴിഞ്ഞില്ല. 
 
1984 ജനവരിയില്‍ ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ വധിച്ചതിന് ശേഷം ഒളിവില്‍പോയ സുകുമാരക്കുറുപ്പിനെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. തുടര്‍ന്ന് കുറുപ്പിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. കുറുപ്പിനെ കണ്ടെത്താന്‍ കഴിയാത്തത് സംസ്ഥാന പൊലീസിന് ഇന്നും നാണക്കേട് ഉണ്ടാക്കുന്ന കേസാണ്. ഏറ്റവും ഒടുവില്‍ ക്രൈംബ്രാഞ്ചും കേസ് അവസാനിപ്പിച്ച മട്ടാണ്. സുകുമാരക്കുറുപ്പ് കേസ് സിനിമയ്ക്ക് പോലും വിഷയങ്ങളായി. കേസ് ആധാരമാക്കി ഇറങ്ങിയ സിനിമകളും നിരവധിയാണ്. ഏറ്റവുമൊടുവില്‍ ചിത്രീകരണം തുടരുന്ന പൃഥ്വിരാജ് ചിത്രം ടമാര്‍ പടാര്‍ പറയുന്നത് സുകുമാരക്കുറുപ്പിനെ അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ്.
 
കുറുപ്പിനെ പണ്ട് മുംബൈയിലെ ആശുപത്രിയില്‍ കണ്ടതായി ഒരു നഴ്‌സ് പറഞ്ഞതനുസരിച്ച് പൊലീസ് അവിടെയെത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിന് ശേഷം ഒരു ബാബയുടെ വേഷത്തില്‍ ജീവിക്കുന്നതായും അഭ്യൂഹം പരന്നിരുന്നു. ചിലര്‍ ഇദ്ദേഹത്തെ കണ്ടതായും പറയപ്പെടുന്നു. എന്നാല്‍ പിന്നീട് വര്‍ഷങ്ങളായി വിവരമൊന്നും ലഭിച്ചിട്ടില്ല. ഈ പട്ടികയിലാണ് ഇപ്പോള്‍ ഹരിഹര വര്‍മ്മയും ഇടം പിടിക്കുന്നത്. ഇത് കുറുപ്പും വര്‍മ്മയും ഒരാളാണെങ്കില്‍ അത് കുറ്റാന്വേഷണ ചരിത്രത്തില്‍ പുതിയ ഒരേടാകും. ഒപ്പം കുറുപ്പെന്ന സമസ്യയ്ക്കും പൂരണമാകും. 
 

വെബ്ദുനിയ വായിക്കുക