‘ശ്രീറാം കാറോടിച്ചത് മദ്യപിച്ച്, വാഹനം അമിതവേഗത്തിലായിരുന്നു’; വഫയുടെ രഹസ്യമൊഴി പുറത്ത്
തിങ്കള്‍, 5 ഓഗസ്റ്റ് 2019 (18:07 IST)
അപകട സമയത്ത് കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമാണെന്ന് വഫ ഫിറോസിന്റെ രഹസ്യമൊഴി. മദ്യപിച്ചാണ് ശ്രീറാം കാറോടിച്ചത്. അമിത വേഗതയില്‍ വാഹനം ഓടിച്ചപ്പോള്‍ സ്‌പീഡ് കുറയ്‌ക്കാന്‍ താന്‍ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല എന്നും യുവതി പൊലീസിനോട് വ്യക്തമാക്കി.
ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും അപകടം സംഭവിച്ചിരുന്നു. അപകട ശേഷം തന്നോട് വീട്ടിലേക്ക് പോകാൻ അവിടെയെത്തിവർ പറഞ്ഞുവെന്നും വഫ രഹസ്യമൊഴിയില്‍ കൂട്ടിച്ചേര്‍ത്തു.
അപകടം ഉണ്ടാകുമ്പോള്‍ കാറിലുണ്ടായിരുന്നു വഫയുടെ ഈ മൊഴി ശ്രീറാമിന് തിരിച്ചടിയാകും.
അതേസമയം, ശ്രീറാമിന്റെ ശരീരത്തില്‍ മദ്യത്തിന്റെ സാന്നിധ്യം ഇല്ലെന്ന് വ്യക്തമാക്കുന്ന പരിശോധനാഫലം പുറത്തുവന്നു. പൊലീസിന്റെ അനലിറ്റിക്കൽ ലാബിലാണ് രക്ത സാംപിൾ പരിശോധിച്ചത്. പരിശോധനാഫലം പൊലീസിന് കൈമാറി.
ഇതോടെ ശ്രീറാമിനെതിരെ ചുമത്തിയ നരഹത്യാ കേസ് നിലനില്‍ക്കുമോയെന്നു സംശയമുണ്ട്. അപകടം നടന്ന് 10 മണിക്കൂറിനുശേഷമാണ് ശ്രീറാമിന്റെ രക്തസാംപിൾ ശേഖരിച്ചത്. മദ്യത്തിന്‍റെ അളവ് കണ്ടെത്താന്‍ കഴിയാത്തത് ഇതുമൂലമാണെന്നു ആക്ഷേപമുണ്ട്.
അതിനിടെ ശ്രീറാം വെങ്കിട്ടരാമനെസര്‍വേ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും സസ്‌പെന്‍ഡ് ചെയ്‌തു. ചീഫ് സെക്രട്ടറി ടോം ജോസാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.