താക്കീത് മാത്രം; വിഎസ് അച്യുതാനന്ദന്‍ സംസ്ഥാന സമിതിയില്‍ ക്ഷണിതാവ് - പിബി കമ്മീഷന്‍ നടപടികള്‍ അവസാനിപ്പിച്ചു

ഞായര്‍, 8 ജനുവരി 2017 (16:15 IST)
മുതിർന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന് കേന്ദ്ര കമ്മിറ്റിയുടെ താക്കീത്. പിബി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ വിഎസിനെതിരായ നടപടികൾ പിബി കമ്മിഷന്‍ അവസാനിപ്പിച്ചു. കേന്ദ്ര കമ്മിറ്റിയുടെ തീരുമാനങ്ങളിൽ വിഎസ് സംതൃപ്തി പ്രകടിപ്പിച്ചു.

വിഎസിനെ സംസ്ഥാന സമിതിയില്‍ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. സംസ്‌ഥാന സമിതിയിൽ വിഎസിന് സംസാരിക്കാൻ അനുമതിയുണ്ടെങ്കിലും വോട്ടവകാശമില്ല. അച്ചടക്ക ലംഘനം, ചട്ടലംഘനം എന്നീ കുറ്റങ്ങൾക്കാണ് അദ്ദേഹത്തിന് താക്കീത്. വിഎസ് പാർട്ടി അച്ചടക്കവും സംഘടനാ തത്വവും ലംഘിച്ചതായി കമ്മിറ്റി കണ്ടെത്തി.

സെക്രട്ടേറിയറ്റിൽ അംഗത്വം വേണമെന്ന് വിഎസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പ്രായം കണക്കിലെടുത്ത് അദ്ദേഹത്തെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. സംഘടനാ മര്യാതകളും അച്ചടക്കവും പാലിച്ച് മുന്നോട്ട് പോകാന്‍ വിഎസിന് നിര്‍ദേശം നല്‍കി.

വിഎസിനെതിരെ നടപടി വേണ്ടെന്ന നിലപാടിലായിരുന്നു യെച്ചൂരിയടക്കമുള്ളവരുടെ വിഭാഗം. എന്നാൽ ലഘുവായെങ്കിലും നടപടി വേണമെന്ന നിലപാടിലായിരുന്നു പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ളവർ വാദിച്ചത്. പാര്‍ട്ടി അച്ചടക്ക നടപടികളില്‍ ഏറ്റവും ലഘുവായതാണ് താക്കീത്. അതേസമയം, ഇപി ജയരാജനും പികെ ശ്രീമതിയും ഉള്‍പ്പെട്ട ബന്ധുനിയമനം അടുത്ത സിസിയില്‍ ചര്‍ച്ചയാകും.

പാര്‍ട്ടിയുമായി ഒത്തു പോകുന്ന സാഹചര്യത്തിലാണ് വിഎസിനെതിരെ കൂടുതല്‍ നടപടികള്‍ വേണ്ട എന്ന തീരുമാനത്തിലെത്താന്‍ കാരണമായത്. ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽനിന്ന് വിഎസ് ഇറങ്ങിപ്പോയത് ഉൾപ്പെടെയുള്ള അച്ചടക്കലംഘനങ്ങൾ സംബന്ധിച്ച പിബി റിപ്പോർട്ടിന്മേലാണ് നടപടി. അതേസമയം, പാര്‍ട്ടിയേയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കിയ ബന്ധുനിയമനം അടുത്ത കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാനും തീരുമാനമായി.

വെബ്ദുനിയ വായിക്കുക