പുതിയ സർക്കാർ അധികാരത്തിലേറിയതോടെ വെട്ടിലായത് മുൻ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം ഒഴിയുന്ന വി എസ് കന്റോൺമെന്റ് ഹൗസിന്റെ പടിയിറങ്ങുന്നു. ഇനിമുതൽ തമ്പുരാൻമുക്കിലെ നമിത എന്ന വാടക വീട്ടിലായിരിക്കും വി എസ് പ്രഭാതം കണ്ടുണരുക. ഔദ്യോഗിക സ്ഥാനങ്ങൾ ഒന്നും ഇല്ലാത്ത സാഹചര്യത്തിലാണ് വി എസ് കുടുംബസമേതം വാടക വീട്ടിലേക്ക് മാറുന്നത്.
പുതിയ പ്രതിപക്ഷ നേതാവിന് കന്റോൺമെന്റ് ഹൗസ് വിട്ട് നൽകേണ്ടതാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആരംഭത്തിൽ തന്നെ വി എസ് വീട് അന്വേഷിച്ച് തുടങ്ങിയിരുന്നു. രാവിലത്തെ നടത്തം, വ്യായാമം ഇതുരണ്ടുമായിരുന്നു വീട് അന്വേഷിച്ചപ്പോൾ വി എസ് ശ്രദ്ധിച്ചിരുന്നത്. തമ്പുരാൻമുക്കിലെ വാടക വീട് വി എസ് മകൻ അരുൺ കുമാറിനൊപ്പമാണ് പോയി കണ്ടത്.