മാണി യു ഡി എഫ് വിടില്ലെന്ന് തന്നെയാണ് പ്രതീക്ഷ; ചര്‍ച്ചകള്‍ക്കായി ഉമ്മന്‍ ചാണ്ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വി എം സുധീരന്‍

വ്യാഴം, 4 ഓഗസ്റ്റ് 2016 (14:55 IST)
കേരള കോണ്‍ഗ്രസ് (എം) യു ഡി എഫ് വിടില്ലെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ ആണ് പ്രതീക്ഷ പങ്കുവെച്ചത്.
 
കെ എം മാണി യു ഡി എഫ് വിടില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ചര്‍ച്ചകള്‍ക്കായി മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്തെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ക്കായി പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്.
 
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടി എന്നിവര്‍ ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. സുധീരനെ കെ പി സി സി അധ്യക്ഷന്‍ സ്ഥാനത്തു നിന്ന് മാറ്റാതെയുള്ള പുനസംഘടന ഫോര്‍മുലയായിരിക്കും ചര്‍ച്ചയില്‍ ഹൈക്കമാന്‍ഡ്  മുന്നോട്ട് വെക്കുക.

വെബ്ദുനിയ വായിക്കുക