കോണ്‍ഗ്രസിലെ ആഭ്യന്തരതര്‍ക്കം; സോണിയാ ഗാന്ധിയടക്കമുള്ളവരുമായി സുധീരന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും

ശനി, 19 സെപ്‌റ്റംബര്‍ 2015 (08:16 IST)
കോണ്‍ഗ്രസിലെ ആഭ്യന്തരതര്‍ക്കം ഹൈകമാന്‍ഡിന് മുന്നിലേക്കെത്തുന്നു. കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍, മുതിര്‍ന്ന നേതാവ് എ കെ ആന്‍റണി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ മന്ത്രിമാര്‍ അടക്കമുള്ള നേതാക്കള്‍ പോലും പാലിക്കുന്നില്ലെന്ന പരാതിയും വി എം സുധീരന്‍ ധരിപ്പിക്കും. കേരളത്തില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം പാര്‍ട്ടിയുടെ നിലനില്‍പ് അപകടത്തിലാക്കിയിരിക്കുകയാണെന്നും ഹൈക്കമാന്‍റിന്‍റെ ഇടപെടല്‍ ഉണ്ടാകണമെന്നുമായിരിക്കും സുധീരന്‍ നേതാക്കളെ അറിയിക്കുക.

എ, ഐ ഗ്രൂപ്പുകള്‍ കെപിസിസി പ്രസിഡന്‍റ് വി എം സുധീരനെതിരെ യോജിക്കാന്‍ തീരുമാനിച്ചതോടെ കേരളത്തിലെ കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. പുനസംഘടന മരവിച്ചു. മുകള്‍തട്ടിലെ തര്‍ക്കം താഴേതട്ടിലും പ്രതിഫലിക്കാന്‍ തുടങ്ങി. അനുകൂലമായ രാഷ്ട്രീയ സാഹചര്യം നഷ്ടപ്പെടുകയാണ് എല്ലാ വിഭാഗങ്ങളും ഒരുപോലെ സമ്മതിക്കുന്നു.

കെപിസിസി പ്രസിഡന്റിന്റെ നടപടികള്‍ ഇരു ഗ്രൂപ്പുകളേയും ഒരുപോലെ ഉന്നമിടുന്ന സാഹചര്യം സംജാതമാകുന്നുവെന്ന തോന്നലിനെ തുടര്‍ന്ന് അദ്ദേഹത്തെ കാഴ്‍ചക്കാരനാക്കി സംഘടനാ പ്രശ്‌നങ്ങള്‍ തീര്‍ക്കാനാണ് ഗ്രൂപ്പുകള്‍ തീരുമാനിച്ചിരിക്കുന്നത്. പ്രശ്‌നങ്ങളെല്ലാം സുധീരന്‍ ഇടപെട്ട് പരിഹരിക്കുന്നുവെന്ന തോന്നല്‍ ജനങ്ങള്‍ക്ക് ഉണ്ടാകാതിരിക്കാനാണ് ഗ്രൂപ്പുകള്‍ ശ്രമിക്കുന്നത്. എ- ഐ ഗ്രൂപ്പുകളെ കൂടാതെ സുധീരന്‍ ഗ്രൂപ്പ് കളിച്ച് സ്വന്തമായി ഗ്രൂപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായും ഗ്രൂപ്പുകള്‍ പറയുന്നുണ്ട്.

വെബ്ദുനിയ വായിക്കുക