ചര്‍ച്ചകള്‍ തര്‍ക്കത്തില്‍ അവസാനിക്കുന്നു; സ്ഥാനാർഥികളെ ശനിയാഴ്‌ച പ്രഖ്യാപിക്കുമെന്ന് സുധീരൻ, വിട്ടുവീഴ്‌ചയില്ലാതെ മുഖ്യമന്ത്രി

വെള്ളി, 1 ഏപ്രില്‍ 2016 (20:08 IST)
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ശക്തമായ തര്‍ക്കം തുടരുന്നെന്നു സൂചന നല്‍കി കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളെ ശനിയാഴ്‌ചയും തുടരുമെന്നും മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ സ്ക്രീനിങ് കമ്മിറ്റി ശനിയാഴ്‌ച രാവിലെ ഒമ്പത് മണിക്ക് വീണ്ടും ചേരും. തുടര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേർന്ന് പൂർണമായ പട്ടിക പുറത്തിറക്കും. ചർച്ചയിൽ നല്ല പുരോഗതിയുണ്ടെന്നും സുധീരൻ വ്യക്തമാക്കി.

സീറ്റുതര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന നേതാക്കള്‍ സോണിയ ഗാന്ധിയെ വീണ്ടും കാണും. ഘടകകക്ഷികളുമായി ചര്‍ച്ച പൂര്‍ണമായിട്ടില്ല. ഘടകക്ഷികളുമായി വെള്ളിയാഴ്ച രാത്രിയും ചര്‍ച്ച നടത്തും. വിശദാംശങ്ങള്‍ പറയാന്‍ തനിക്ക് അധികാരമില്ല. അതൊക്കെ പറയാന്‍ എഐസിസിക്കേ അധികാരമുള്ളൂവെന്നും സുധീരന്‍ പറഞ്ഞു.

ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. സുധീരന്റെ പിടിവാശിക്ക് വഴങ്ങേണ്ടെന്നാണ് ഇരുവരുടെയും നിലപാട്. ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് സുധീരന്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ മുഖ്യമന്ത്രിക്ക് അനുകൂലമായി വരുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, തര്‍ക്കമുള്ള സീറ്റുകളിലെ നിലപാടില്‍ മാറ്റമില്ലെന്നു ഉമ്മന്‍ ചാണ്ടിയും സുധീരനും ഹൈക്കമാന്‍ഡിനെ അറിയിച്ചു. തൃപ്പൂണിത്തുറയില്‍ കെ ബാബു, കോന്നിയില്‍ അടൂര്‍ പ്രകാശ്, ഇരിക്കൂരില്‍ കെസി ജോസഫ്, തൃക്കാക്കരയില്‍ ബെന്നി ബെഹനാന്‍ എന്നിവരുടെ സ്ഥാനാര്‍ഥി നിര്‍ണയത്തിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. വിവിധ ഗ്രൂപ്പുകള്‍ ഒന്നിലേറെ സ്ഥാനാര്‍ഥികളെ നിര്‍ദേശിച്ചതും തര്‍ക്കത്തിന് കാരണമായി.

വെബ്ദുനിയ വായിക്കുക