ഡല്‍ഹിക്ക് പോയത് വടിവെട്ടാനോ ?; സംഘടനാതലത്തിൽ കാതലായ മാറ്റം വരുത്തുമെന്ന് സുധീരന്‍, വരാൻ പോകുന്നത് സമരങ്ങളുടെ നാളുകള്‍ - കോണ്‍ഗ്രസില്‍ കൂട്ടയടിക്ക് സാധ്യതയേറുന്നു
ചൊവ്വ, 7 ജൂണ്‍ 2016 (11:56 IST)
കോൺഗ്രസിന്റെ സംഘടനാ തലത്തിൽ കാതലായ മാറ്റം വരുത്തുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ. പാര്‍ട്ടിയുടെ എല്ലാ തലത്തിലും പുനക്രമീകരണം നടത്തുക എന്ന തന്റെ നിര്‍ദ്ദേശം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അംഗീകരിച്ചു. പാർട്ടിയെ ശക്തമാക്കും വിധമുള്ള പുനഃക്രമീകരണങ്ങളുണ്ടാകും. യോഗ്യതയും പ്രവർത്തനവും മാനദണ്ഡമാക്കുമെന്നും സുധീരന്‍ വ്യക്തമാക്കി.
പാർട്ടിയെ കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായി പ്രവർത്തനക്ഷമമല്ലാതിരിക്കുന്നവര്‍ക്കെതിരെ നടപടികൾ സ്വീകരിക്കും. പാർട്ടിയിൽ നിർജീവമായിരിക്കുന്നവരെ ഭാരവാഹിത്വത്തിൽ നിന്ന് നീക്കുന്ന കാര്യവും ചർച്ച ചെയ്യും. തെരഞ്ഞെടുപ്പില്‍ പരാജയങ്ങള്‍ സാധാരണമാണെന്നും തോൽവിയിൽ നിന്നു പാഠം ഉൾക്കൊള്ളണമെന്നും പാർട്ടിയെ സജീവമാക്കണമെന്നാണ് രാഹുൽ ആവശ്യപ്പെട്ടിരിക്കുന്നത്. പരാജയങ്ങളൊന്നും ശാശ്വതമല്ലെന്നും സുധീരന്‍ പറഞ്ഞു.
സംഘടനാ തലത്തിലെ അഴിച്ചുപണികള്‍ എല്ലാവരുമായി ആലോചിച്ച് തര്‍ക്കങ്ങളില്ലാതെ പൂര്‍ത്തിയാക്കും. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ തലത്തിലും പുന:ക്രമീകരണം നടത്തും. ജനകീയ പ്രശ്നങ്ങളിൽ കൂടുതൽ സജീവമായി ഇടപെട്ട് പ്രവർത്തിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരേ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് നീങ്ങുമെന്നും ജൂണ്‍ 20ന് എല്ലാ നിയോജക മണ്ഡലങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തുമെന്നും സുധീരന്‍ പറഞ്ഞു.
മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിന്റെ നിലപാട് സംസ്ഥാന താൽപ്പര്യത്തിനു വിരുദ്ധമാണ്. അനീതിക്കും അക്രമത്തിനുമെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുപോകും. എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയ ശേഷം കേരളത്തില്‍ രാഷ്ട്രീയ ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. വരാൻ പോകുന്നത് സമരങ്ങളുടെ നാളുകളെന്നും സുധീരൻ വ്യക്തമാക്കി. രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.