വിഴിഞ്ഞത്ത് കലാപ സമാന അന്തരീക്ഷം, അക്രമം അഴിച്ചുവിട്ട് സമരക്കാര്‍; മൂവായിരം പേര്‍ക്കെതിരെ കേസ്

തിങ്കള്‍, 28 നവം‌ബര്‍ 2022 (08:54 IST)
വിഴിഞ്ഞത്ത് കലാപത്തിനു സമാനമായ അന്തരീക്ഷം സൃഷ്ടിച്ച് പ്രതിഷേധക്കാര്‍. ലത്തീന്‍ രൂപതയിലെ വൈദികരുടെ നേതൃത്വത്തിലാണ് വിഴിഞ്ഞം തുറമുഖത്തിനെതിരായ പ്രതിഷേധം നടക്കുന്നത്. വിഴിഞ്ഞത്ത് ഇന്നലെ രാത്രി പൊലീസ് സ്റ്റേഷന്‍ ഉപരോധവുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളില്‍ കണ്ടാലറിയുന്ന 3000 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ലഹളയുണ്ടാക്കല്‍, വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു. 
 
കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടന്നത്. സ്ത്രീകളും കുട്ടികളും അടക്കം സമരത്തില്‍ പങ്കാളികളായി. സമരക്കാര്‍ ഫോര്‍ട്ട് എസിപി അടക്കമുള്ള പൊലീസുകാരെ ബന്ദികളാക്കി. പ്രതിഷേധക്കാര്‍ പൊലീസുകാരെ ആക്രമിച്ചു. കസ്റ്റഡിയിലുള്ളവരെ വിട്ടില്ലെങ്കില്‍ പൊലീസുകാരെ സ്റ്റേഷനിലിട്ട് കത്തിക്കുമെന്ന് സമരക്കാര്‍ ഭീഷണിപ്പെടുത്തിയെന്നും പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു. ലത്തീന്‍ രൂപതയിലെ വൈദികര്‍ അടക്കം കലാപനത്തിനു ആഹ്വാനം നല്‍കുകയാണെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍