ബാലഭാസ്ക്കറിന്‍റെ മരണം: കലാഭവൻ സോബിയുടേത് കള്ളമൊഴി, എന്തിനു കള്ളം പറഞ്ഞുവെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു
ശനി, 20 ജൂലൈ 2019 (11:55 IST)
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിപ്പിച്ച് ക്രൈംബ്രാഞ്ച്. സംഭവത്തെ കുറിച്ച് കലാഭവൻ സോബി നൽകിയത് കള്ള മൊഴിയെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി.
കലാഭവൻ സോബി കണ്ടു എന്ന് മൊഴി നൽകിയ ജിഷ്ണുവും വിഷ്ണുവും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നതിന് തെളിവായി ഫോൺ ലൊക്കേഷനുകളും പാസ്പോർട്ട് രേഖകളുണ്ടന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. കലാഭവൻ സോബി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് തയ്യാറാക്കിയത്.
സംഭവ സമയത്ത് ആരാണ് വാഹനം ഓടിച്ചിരുന്നത് കണ്ടെത്തുക മാത്രമാണ് ഇനി അന്വേഷണത്തിന്റെ ലക്ഷ്യമെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. അതോടൊപ്പം, കലാഭവൻ സോബിക്ക് ആളെ മാറിയതാണോയെന്നും അതോ കള്ളം പറഞ്ഞതാണോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കും.
ബാലഭാസ്ക്കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ കാരണം അശ്രദ്ധവും അമിത വേഗത്തിലുമുളള ഡ്രൈവിങ്ങാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. അമിത വേഗം ഒഴിച്ച് അസാധാരണമായ ഒന്നും സംഭവ ദിവസം ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്ന് ബാലഭാസ്ക്കറിന്റെ ഭാര്യ ലക്ഷ്മി മൊഴി നൽകിയിട്ടുണ്ട്.