വി എസ് പറഞ്ഞ കണക്കുകള്‍ തെറ്റ്; മറുപടിയുമായി വെള്ളാപ്പള്ളി

ബുധന്‍, 7 ഒക്‌ടോബര്‍ 2015 (17:32 IST)
വി എസ് അച്യുതാനന്ദന്റേത് വ്യക്തിഹത്യ നടത്താനുള്ള ശ്രമമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വി എസ് ആരോപണങ്ങള്‍ക്ക് വേണ്ടി ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. എസ്എന്‍ഡിപി മൈക്രോ ഫിനാന്‍സിനെക്കുറിച്ച് വി എസ് പറഞ്ഞ കണക്കുകള്‍ തെറ്റാണെന്നും പിന്നോക്കക്ഷേമ വകുപ്പില്‍ നിന്ന് കിട്ടിയത് അഞ്ചരക്കോടി രൂപ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ വെള്ളാപ്പള്ളി നടേശന്‍ മുന്‍‌കൈയെടുത്ത് തുടങ്ങിയ മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് വി‌എസ് അച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്ന. രണ്ടു ശതമാനം പലിശക്കെടുത്ത് 15 കോടി രൂപ ജനങ്ങൾക്ക് വിതരണം ചെയ്തത് 12 ശതമാനം പലിശയ്ക്കാണ്. ഈ തുകയിൽ 10 ശതമാനം മാത്രമെ വായ്പയായി ജനങ്ങൾക്ക് നൽകിയിട്ടുള്ളു. വ്യാജമായ പേരും മേൽവിലാസവും ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. പിന്നാക്കക്കാർക്ക് ലഭിക്കേണ്ട വായ്പയാണ് ഇത്തരത്തിൽ തട്ടിയെടുത്തത്. തട്ടിപ്പ് നടത്തിയെന്ന് അക്കൗണ്ടന്റ് ജനറലിന്റെ അന്വേഷണത്തിലും ക്രമക്കേട്ടുകൾ കണ്ടെത്തിയിരുന്നു.

വായ്പ ദുർവിനിയോഗം ചെയ്‌തെന്ന റിപ്പോർട്ട് ലഭിച്ചിട്ടും സര്‍ക്കാര്‍ അനങ്ങിയില്ലെന്നും വി‌എസ് ആരോപിച്ചു. വെള്ളാപ്പള്ളിക്കെതിരെ പിന്നാക്ക കോർപ്പറേഷൻ നടപടിയെടുക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നെന്നും വി.എസ് പറഞ്ഞു. മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ നടത്തിയ അഴിമതിയേക്കുറിച്ച്  സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക