കൈക്കൂലി: വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പിടിയില്‍
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കൈക്കൂലിയുമായി കൈയോടെ പിടിയിലായി. കൈക്കൂലി വാങ്ങാന്‍ ഇടനിലക്കാരനെ 500 രൂപ ദിവസ ശമ്പളത്തിലാണ് ഇയാള്‍ വച്ചിരിക്കുന്നതെന്നാണു പൊലീസ് പറയുന്നത്. ആലപ്പുഴ കാര്‍ത്തികപ്പള്ളിസ്വദേശി കീരിക്കാട് പുത്തന്‍ വീട്ടില്‍ രഞ്ജിത് മോന്‍ എന്ന 33 കാരനാണ് പത്തനംതിട്ട വിജിലന്‍സ് ഡിവൈ.എസ്.പി രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്‍റെ വലയിലായത്.
കഴിഞ്ഞ മാര്‍ച്ച് മൂന്നിനു റാന്നി ജോയിന്‍റ് ആര്‍.ടി.ഓഫീസില്‍ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇട്ടിയപ്പാറ ഇമ്മാനുവേല്‍ ഡ്രൈവിംഗ് സ്കൂള്‍ ഉടമ കരിക്കളംസ്വദേശി ഉമ്മന്‍ ജോര്‍ജ്ജ് വിജിലന്‍സിനു നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു റെയ്ഡ് നടത്തിയത്. രഞ്ജിത്തിനു വേണ്ടി ഇടനിലക്കാരനായി പ്രവര്‍ത്തിച്ച വിനായക മോട്ടോര്‍ കണ്‍സല്‍റ്റന്സിയിലെ മണിയാര്‍ വിഷ്ണുലാല്‍ എന്ന 25 കാരനെയും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.