നിയമസഭാ തിരഞ്ഞെടുപ്പിൽ സിറ്റിങ് എംപിമാർക്കു മത്സരിക്കാൻ അവസരം നിഷേധിച്ചതിനു പിന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും. പ്രാരംഭ ചർച്ചകളിൽ എംപിമാർ മത്സരിക്കുന്നതിനെ ആരും എതിർത്തിരുന്നില്ല. ഡൽഹിയിൽ ചർച്ചയ്ക്കു എത്തിയപ്പോഴാണ് പല നേതാക്കളും മുൻ നിലപാടിൽ മലക്കംമറിഞ്ഞതെന്ന് ഒരു വിഭാഗം എംപിമാർ തന്നെ ചൂണ്ടിക്കാട്ടി.
സംസ്ഥാന നേതൃത്വം സമ്മതിച്ചിരുന്നെങ്കിൽ എംപിമാർ മത്സരിക്കുന്നതിനോടു ഹൈക്കമാൻഡ് പച്ചകൊടി കാണിക്കുമായിരുന്നു. എന്നാൽ എംപിമാർ ഒരു കാരണവശാലും മത്സരിക്കരുതെന്ന നിലപാടെടുത്തത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും എംപിമാരെ തഴയാൻ മുന്നിലുണ്ടായിരുന്നു. ഒരു മുതിർന്ന കോൺഗ്രസ് നേതാവാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് സമകാലിക മലയാളം റിപ്പോർട്ട് ചെയ്യുന്നു.
എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകളിലാണ് എംപിമാർ മത്സരിക്കണമെന്ന ആവശ്യം ഉയർന്നത്. എലത്തൂർ, കോന്നി, കണ്ണൂർ സീറ്റുകളിൽ യഥാക്രമം എം.കെ.രാഘവൻ, അടൂർ പ്രകാശ്, കെ.സുധാകരൻ എന്നിവരെ തീരുമാനിച്ചതുമാണ്. ഡൽഹിയിലേക്ക് ചർച്ചകൾ നീണ്ടതോടെ ഇവരെയെല്ലാം വെട്ടി. സിറ്റിങ് എംപിമാർ മത്സരിക്കുകയാണെങ്കിൽ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് വി.ഡി.സതീശൻ ഭീഷണി മുഴക്കി. ഇതോടെയാണ് എംപിമാരുടെ വാതിൽ പൂർണമായും അടഞ്ഞതെന്നാണ് റിപ്പോർട്ട്.