ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി എത്തിയ എല്ലാവര്‍ക്കും നന്ദി അറിയിച്ച്‌ വി എസ്

വെള്ളി, 17 ഓഗസ്റ്റ് 2018 (15:54 IST)
തിരുവനന്തപുരം: കനത്ത പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാനും അവരെ ആശ്വസിപ്പിക്കാനും മുന്നിട്ടിറങ്ങിയ എല്ലാവരെയും ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍ അഭിനന്ദിച്ചു. ദുരന്തമുഖത്ത് സങ്കുചിതമായ പരിഗണനകളെല്ലാം മാറ്റിവെച്ച്‌ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും വി എസ് പറഞ്ഞു
 
ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി എത്തുന്നത് നല്ല കാര്യമാണ്. കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തത്തിന് ദേശീയ ദുരന്തത്തിന്റെ വ്യാപ്തിയുണ്ടെന്ന് ബോദ്ധ്യപ്പെടാനും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനും ഈ സന്ദര്‍ശനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും വി.എസ് വ്യക്തമാക്കി. 
 
കേരളം പോലുള്ള ചെറിയ സംസ്ഥാനത്തിന് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാനാവുന്നതല്ല ഇപ്പോൾ നേരിടുന്ന പ്രളയം എന്നും പ്രളയ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിൽ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും വി എസ് നേരത്തെ പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍