ശബരിമലയെ ഒരു പിക്‌നിക് സ്‌പോട്ടായി കാണരുത്: കെ ടി ജലീലിനെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍

തിങ്കള്‍, 31 ഒക്‌ടോബര്‍ 2016 (14:49 IST)
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലിനെതിരെ ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ രംഗത്ത്. കെ.ടി ജലീല്‍ ശബരിമല സന്നിധാനത്തെത്തിയതുമായി ബന്ധപ്പെട്ട കാര്യത്തിലാണ് അതിനെതിരെ വിമര്‍ശനവുമായി മുരളീധരന്‍ രംഗത്തെത്തിയത്. അയ്യപ്പനില്‍ വിശ്വാസമര്‍പ്പിച്ച് കെടി.ജലീലിനോ കടകംപള്ളിക്കോ അവിടെ സന്ദര്‍ശിക്കാം. എന്നാല്‍ ശബരിമലയെ വെറും ഫോട്ടോ ഓപ്പര്‍ച്ചുനിറ്റിക്കായുള്ള പിക്‌നിക് സ്‌പോട്ടായി കണ്ടാണ് അവര്‍ പോയതെങ്കില്‍ അത് ശരിയായ നടപടിയല്ലെന്നും തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി.   

വി.മുരളീധരന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കടകംപളളി സുരേന്ദ്രനും തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീലും ശബരിമല സന്നിധാനത്തിൽ സന്ദർശനം നടത്തിയത് കാണുകയുണ്ടായി. അയ്യപ്പ സന്നിധിയിൽ ഭക്തനായി പോകുന്നതിന് ജാതിമത വർണ്ണ ഭാഷാ തടസ്സങ്ങൾ ഒന്നും തന്നെയില്ല. അത് നൂറ്റാണ്ടുകളായി അങ്ങിനെ തന്നെയാണ്. നിരവധി ഹിന്ദു ഇതര മതസ്ഥർ, അയ്യപ്പനിൽ വിശ്വാസമർപ്പിച്ച് അവിടെ പോകാറുണ്ട്. കെടി.ജലീലിനോ കടകംപള്ളിക്കോ അയ്യപ്പഭക്തനെന്ന നിലയിൽ അവിടെ കടന്നു ചെല്ലാം. എന്നാൽ തദ്ദേശസ്വയം ഭരണ, ന്യൂനപക്ഷ ക്ഷേമ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കെടി.ജലീൽ ശബരിമലയെ വെറും ഫോട്ടോ ഓപ്പർച്ചുനിറ്റിക്കുള്ള പിക്നിക് സ്പോട്ടായി കണ്ടാണ് പോയതെങ്കിൽ അത് ശരിയല്ല. എന്റെ അറിവിൽ കെ.ടി.ജലീലിന് അവിടെ പ്രത്യേകിച്ചൊരു റോളും അന്ന് ഉണ്ടായിരുന്നില്ല. മുൻ സിമിക്കാരൻ ആയ ജലീൽ ഒരു സുപ്രഭാതത്തിൽ കുളിച്ച് കുറിതൊട്ട് മതേതരവാദി ആയെന്നു പറഞ്ഞാൽ അത് മുഖവിലക്കെടുക്കാൻ പറ്റില്ല. ശബരിമലയെ സ്വാർത്ഥ രാഷ്ട്രീയ താൽപര്യത്തിനുള്ള പ്രചരണ വേദിയാക്കി മാറ്റരുത്. കെ ടി.ജലീൽ സ്വന്തം ഫേസ് ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ശബരിമല ഫോട്ടോ കളിൽ അദ്ദേഹം മേൽശാന്തിയിൽ നിന്ന് തീർത്ഥം വാങ്ങുന്ന ഫോട്ടോ തന്ത്രപൂർവ്വം ഒഴിവാക്കിയിരിക്കുന്നത് ആരെ ഭയന്നാണ്? ദേവസ്വം മന്ത്രി ശ്രീ.കടകംപളളി സുരേന്ദ്രൻ ശബരിമല സന്നിധാനത്തിൽ ചെന്നപ്പോൾ തൊഴുതത് ആത്മാർത്ഥമായി ഭക്തിയോടെ ആണോ എന്നദ്ദേഹം വ്യക്തമാക്കട്ടെ. ഭക്തിപൂർവ്വമെങ്കിൽ ആ പരിവർത്തനത്തെ സിപിഎം എങ്ങനെ വ്യാഖ്യാനിക്കും എന്നുകൂടി അറിയണം .
V.Muraleedharan

വെബ്ദുനിയ വായിക്കുക