ഘടകകക്ഷികള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ക്കിടെ യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും

തിങ്കള്‍, 25 ജൂലൈ 2016 (09:03 IST)
കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായിരിക്കെ യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും. കോണ്‍ഗ്രസ് നേതൃനിരയില്‍ ഐക്യമില്ലാത്തതിനെതിരെ ഘടകകക്ഷികള്‍ വിമര്‍ശനം ഉന്നയിച്ചേക്കും. അതിരപ്പളളി പദ്ധതി വേണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ റിപ്പോര്‍ട്ടും യുഡിഎഫ് നേതൃയോഗത്തില്‍ അവതരിപ്പിക്കും. നേമത്തെ പരാജയത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ജനതാദളും യോഗത്തില്‍ ആവശ്യപ്പെടും. 
 
തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് ഘടകക്ഷികളുടെ വിലയിരുത്തലുകള്‍ നേതൃയോഗത്തില്‍ വ്യക്തമാക്കും. തെരഞ്ഞെടുപ്പ് ഫലം അവലോകനത്തിനും തുടര്‍ ചര്‍ച്ചകള്‍ക്കുമാണ് യോഗമെങ്കിലും മുന്നണിയിലെ അഭിപ്രായഭിന്നതകള്‍ യോഗത്തില്‍ പരസ്യമാകാനിടയുണ്ട്.  ബാര്‍ കോഴ ഗൂഢാലോചനയില്‍ കേരള കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവിനെയും ഉമ്മന്‍ചാണ്ടിയെയും ആവര്‍ത്തിച്ച് വിമര്‍ശിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്നത്തെ യുഡിഎഫ് നേതൃയോഗം നടക്കുന്നത്.
 

വെബ്ദുനിയ വായിക്കുക