കേരള പുനർനിർമ്മാണത്തിന് വേണ്ടത് 45,270 കോടി രൂപ; യു എൻ സംഘം റിപ്പോർട്ട് സമർപ്പിച്ചു

വ്യാഴം, 11 ഒക്‌ടോബര്‍ 2018 (18:17 IST)
പ്രളയം തകർത്ത കേരളം പുനർ നിർമ്മിക്കുന്നതിന് 45,270 കോടി രൂപ വേണ്ടി വരുമെന്ന് യു എൻ പഠന റിപ്പോർട്ട്. യു എൻ സംഘം റിപ്പോർട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറി. കേരള പുനർ നിർമ്മാണത്തിനായി നിർദേശങ്ങൾ നൽകുന്ന വിശദമായ റിപ്പോർട്ടാണ് യു എൻ സംഘം സർക്കാരിന് കൈമാറിയിരിക്കുന്നത്.
 
സസ്ഥാനത്ത് തകർന്ന റോഡുകൾ പുനർ നിർമ്മിക്കുന്നതിനു മാത്രം 8554 കോടി രൂപ ചിലവ് വരും. 5296 കോടി രൂപ വീടുകൾ പൂർണമായും നശിച്ച വകയിലും, വീടുകൾക്ക് കേടുപാടുകൾ സംഭവിച്ച വകയിൽ 1383 കോടിയുടെയും നഷ്ടമുണ്ടായതായി യു എൻ റിപ്പോർട്ടിൽ പറയുന്നു. വിദ്യാഭ്യാസ മേഖലയിൽ 213 കോടിയും ആരോഗ്യ രംഗത്ത് പുനർ നിർമ്മിതിക്ക് 576 കോടി രൂപയും ആവശ്യമാണ്.  
 
സംസ്ഥാനത്തെ കാർഷിക, മത്സ്യബന്ധന മേഖല മാത്രം പുനരുജീവിപ്പിക്കാൻ 4499 കോടി രൂപ കണ്ടെത്തേണ്ടിയിരിക്കുന്നു. കുടി വെള്ളം ഉൾപ്പടെയുള്ള അടിസ്ഥാന സൌകര്യങ്ങൾക്ക് 1331 കോടി രൂപ കണ്ടെത്തണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 
 
സുസ്ഥിരമായ പുനർനിർമ്മാണത്തിന് മാർഗ നിർദേശങ്ങളും യു എൻ റിപ്പോർട്ട് നൽകുന്നുണ്ട്. പ്രളയം തടയാൻ സംസ്ഥാനത്ത് നെതർലൻഡ് മാതൃകയിൽ ജലനയം രൂപീകരിക്കണമെന്നും, കുട്ടനാട്ടിൽ പ്രത്യേക മാസ്റ്റർ പ്ലൻ തയ്യാറാക്കണം എന്നും യു എൻ റിപ്പോർട്ടിൽ നിർദേശമുണ്ട്. തുക എത്രയും വേഗത്തിൽ കണ്ടെത്തി കഴിയുന്നതും വേഗത്തിൽ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് യുഎൻ റിപ്പോർട്ടിൽ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍