കടലമ്മ കലിതുള്ളിയ ദിനത്തിന് ഇന്ന് പത്ത് വയസ്

വെള്ളി, 26 ഡിസം‌ബര്‍ 2014 (11:29 IST)
ലോകരാജ്യങ്ങള്‍ മുഴുവന്‍ നിസ്സഹായരായിപ്പോയ മണികൂറുകള്‍, 2,30,000 പേര്‍ ഒറ്റദിവസം കൊണ്ട് ഭുമുഖത്തു നിന്ന് തുടച്ച് നീക്കപ്പെട്ട ദിനം, ഇന്തൊനീഷ്യ മുതല്‍ ഇങ്ങ് കേരളത്തിലെ തീരങ്ങളില്‍ വരെ ആര്‍ത്തലച്ചു കരവിഴുങ്ങിയ കടലിന്റെ രൌദ്രം അതായിരുന്നു പത്തുവര്‍ഷം മുമ്പ് ഉണ്ടായ ദുരന്തം. പുരാണങ്ങളിലും ഇതിഹാസങ്ങളിലും മുത്തശ്ശിക്കഥകളിലും മാത്രം മനുഷ്യന്‍ കേട്ടറിഞ്ഞ കടലമ്മയുടെ കലിയെ അനുഭവക്കാഴ്ചയാക്കി കൊടുത്ത വേദനനിറഞ്ഞ ദിനം. 
 
കടല്‍ അന്ന് രക്ത രാക്ഷസനെ പോലെയായിരുന്നു കരയിലേക്കെത്തിയത്. കടലമ്മയുടെ ആ കലിതുള്ളലിനെ ലോകം സുനാമി എന്ന ഓമനപ്പേരില്‍ വിളിച്ചു.  2004ല്‍ ഒരു ക്രിസ്തുമസ് പിറ്റേന്ന് ആഞ്ഞടിച്ച കൂറ്റന്‍ തിരമാലകള്‍ 14 രാജ്യങ്ങളില്‍ നിന്നായി കവര്‍ന്നെടുത്തത് രണ്ടര ലക്ഷത്തോളം മനുഷ്യജീവനുകളെയായിരുന്നു. പത്തു വര്‍ഷം തികയുമ്പോഴും ആ നടുക്കുന്ന ഓര്‍മ്മകള്‍ ആരുടെയും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല. കടലിലേക്ക് നോക്കുമ്പോള്‍ അലറിയെത്തുന്ന തിരമാലകള്‍ ഇന്നും ആ കാഴ്ചയെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
 
ദുരന്തം 10 വര്‍ഷം പിന്നിടുമ്പോഴും അതിന്റെ മുറിപ്പാടുകള്‍ ഒരു ഒാര്‍മപ്പുസ്തകം പോലെ മനസ്സിലുണ്ട്. ഇന്തൊനേഷ്യയുടെയും ഇന്ത്യയുടെയും ശ്രീലങ്കയുടെയും തായ്‌ലന്‍ഡിന്റെയുമെല്ലാം തീരങ്ങള്‍ കടല്‍ വിഴുങ്ങിയപ്പോള്‍ ലോകം അന്നുവരെ ഇതുപോലൊരു ദുരന്തത്തെ നേരില്‍ കണ്ടിട്ടുപോലുമില്ലായിരുന്നു.  ആയിരക്കണക്കിന് ബാല്യങ്ങളെ അന്ന് കടലമ്മ അനാഥരാക്കി, ഉറ്റവരേയും ഉടയവരേയും തിരിച്ചറിയാന്‍ അന്ന് കടലമ്മയ്ക്ക് ഹൃദയമുണ്ടായിരുന്നില്ല്, പകരം പകയായിരുന്നു എല്ലാം തകര്‍ക്കാനുള്ള ത്വരമാത്രമായിരുന്നു അന്ന് തിരകളില്‍ കണ്ടത്.
 
മനസ്സിലെ മുറിപ്പാടുമായി കഴിയുന്ന അനാഥക്കുട്ടികള്‍. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കള്‍. സുനാമിയുടെ നടുക്കുന്ന കാഴ്ചകളില്‍ മനസ്സുപതറി മദ്യത്തിനും ലഹരിയ്ക്കും അടിമപ്പെട്ട ഗൃഹനാഥന്‍മാര്‍. കുടുംബം പോറ്റാന്‍ നെട്ടോട്ടമോടുന്ന വീട്ടമ്മമാര്‍. വിഷാദരോഗവും ഭയവും ഉല്‍കണ്ഠയും മൂലം മാനസിക രോഗത്തിന് ചികില്‍സ തേടുന്നവര്‍. സുനാമിയുടെ ജീവിക്കുന്ന രക്തസാക്ഷികളായ കുഞ്ഞുങ്ങള്‍. എല്ലാം ആ രാക്ഷസ സുനാമി കാരണമായിരുന്നു.
 
ഇന്ത്യയില്‍ ഏറ്റവും വലിയ ദുരന്തം വിതറിയ നാഗപ്പട്ടണത്തിന്റെ അവശേഷിപ്പുകളായി ജീവിക്കുന്നത് 200 ഓളം വരുന്ന കുട്ടികളാണ്. 10 ലക്ഷത്തോളം പേര്‍ക്ക് ഉപജീവനമാര്‍ഗമില്ലാതായി. ബോട്ടും വള്ളവും കടലെടുത്തപ്പോള്‍ പട്ടിണിയിലായ കുടുംബങ്ങളുടെ ചിത്രംവേറെ. ഇത് ഇന്ത്യയിലെ കാഴ്ച. ദുരന്ത നിവാരണ പ്രവര്‍ത്തനവുമായി ഇന്ത്യ ഒട്ടൊക്കെ മുന്നേറി. എന്നാല്‍ ഇന്തൊനേഷ്യ ഇന്നും ആ ദുരന്തത്തില്‍ നിന്നു കരകയറാനുള്ള ശ്രമം നടത്തിവരുന്നു. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക