എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി സുബൈറെന്ന് സഞ്ജിത്ത് പറഞ്ഞു. നടന്നത് പ്രതികാരക്കൊല തന്നെയെന്ന് പോലീസ്

ചൊവ്വ, 19 ഏപ്രില്‍ 2022 (15:12 IST)
പാലക്കാട് എസ്-ഡി‌പിഐ പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. രമേശ്, അറുമുഖം, ശരവണന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മൂന്ന് പേരും ആര്‍എസ്എസ് പ്രവര്‍ത്തകരാണാണെന്ന് എ‌ഡി‌ജിപി വിജയ് സാഖറെ വ്യക്തമാക്കി.
 
ഏപ്രില്‍ എട്ട്, ഒന്‍പത് തീയതികളില്‍ സുബൈറിനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും അത് നടക്കാത്തതിനെ തുടര്‍ന്നാണ് 15ന് കൊലപാതകം നടത്തിയത്.2021 നവംബര്‍ 15ന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയതിലെ പ്രതികാരമായിട്ടായിരുന്നു സുബൈറിന്റെ കൊലപാതകം.
 
തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി സുബൈര്‍ ആണെന്ന് കൊല്ലപ്പെടുന്നതിന് മുന്‍പ് സഞ്ജിത്ത് രമേശിനോട് പറഞ്ഞിരുന്നു. ഇപ്പോൾ അറസ്റ്റിലായ പ്രതികളെ സ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യും. ഇതിന് ശേഷം മാത്രമേ ഗൂഢാലോചനയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്നും വിജയ് സാഖറെ പറഞ്ഞു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഇപ്പോൾ അറസ്റ്റിലായത്.
 
അതേസമയം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞുവെന്നും എ.ഡി.ജി.പി പറഞ്ഞു. ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയെന്നും വിജയ് സാഖറെ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍